കലാമിന്റെ പേരിലുള്ള പുരസ്‌കാരം സ്വന്തം പിതാവിന്റെ പേരിലാക്കി; വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നടപടി വിവാദത്തില്‍
ബോര്‍ഡ് പരീക്ഷകളിലം മികച്ച പ്രകടനത്തിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് പുരസ്‌കാരം. മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെമന്റോ, ഉന്നതവിദ്യാഭ്യാസച്ചെലവ് വഹിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ അടങ്ങിയതാണിത്.
ഹൈദരാബാദ്: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ പേര് മാറ്റി സ്വന്തം പിതാവിന്റെ പേര് നല്‍കിയ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നടപടി വിവാദത്തില്‍.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് രാജ ശേഖര റെഡ്ഡിയുടെ മകനാണ് വൈസ് ജഗന്‍മോഹന്‍ റെഡ്ഡി. ഡോ. എ പി ജെ അബ്ദുള്‍ കലാം പ്രതിഭാ വിദ്യാ പുരസ്‌കാരം ഇനി മുതല്‍ വൈ എസ് ആര്‍ വിദ്യാ പുരസ്‌കാരമെന്ന പേരിലാവും അറിയപ്പെടുകയെന്ന് ഇന്ന സംസ്ഥാന വിദ്യാഭ്യാസ വിഭാഗം ഉത്തരവിട്ടിരുന്നു. ബോര്‍ഡ് പരീക്ഷകളിലം മികച്ച പ്രകടനത്തിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് പുരസ്‌കാരം. മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെമന്റോ, ഉന്നതവിദ്യാഭ്യാസച്ചെലവ് വഹിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ അടങ്ങിയതാണിത്.
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന മൗലാന അബുല്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്.
'അഹങ്കാര'മാണ് ജഗന്‍ റെഡ്ഡി സര്‍ക്കാര്‍ കാണിക്കുന്നതെന്ന് സംഭവത്തോട് പ്രതികരിച്ച പ്രതിപക്ഷം ആരോപിച്ചു. ഡോ. കലാം തന്റെ പ്രചോദനാത്മകമായ ജീവിതത്തിലൂടെ രാജ്യത്തിന് വേണ്ടി നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ്. ഏറെ ആദരണീയനായ ഒരു മനുഷ്യനെ അവഹേളിച്ച് സ്വയം പ്രതാപമുയര്‍ത്താനുള്ള ശ്രമമാണ് എ പി ജെ അബ്ദുള്‍ കലാം പ്രതിഭ പുരസ്‌കാരത്തെ വൈഎസ്ആര്‍ ആയി മാറ്റിയതിലൂടെ ജഗന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ നടത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.