തിരഞ്ഞെടുപ്പിലെ സ്‌പെഷ്യല്‍ പോലിസ് ഡ്യൂട്ടി: പ്രതിഫലം നല്‍കാതെ വിദ്യാര്‍ഥികളെ വട്ടംകറക്കുന്നു
പരപ്പനങ്ങാടി: തിരഞ്ഞെടുപ്പ് കാലയളവില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയമിച്ചവര്‍ക്ക് പ്രതിഫലം നല്‍കാതെ വട്ടം കറക്കുന്നതായി പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസത്തേക്കായി ജില്ലയില്‍ സ്‌പെഷ്യല്‍ പോലിസായി സേവനം അനുഷ്ടിച്ച വിദ്യാര്‍ത്ഥികളെയാണ് അധികൃതര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് വട്ടം കറക്കുന്നത്. ദിവസം 1300 രൂപ കണക്കില്‍ 25000 സ്‌പെഷ്യല്‍ പോലിസുകാരെയാണ് ഇത്തരത്തില്‍ നിയമിക്കുന്നതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. വിദ്യാര്‍ഥികള്‍ക്കു പുറമെ, എക്‌സ് സര്‍വീസ് മെന്‍, എക്‌സ് പോലിസ്, എക്‌സ് പാരാമിലിറ്ററി, എന്‍സിസി കാഡറ്റുകള്‍, സ്റ്റുഡന്റ് പോലിസ് കാഡറ്റ് അലുമ്‌നി ബാച്ചുകള്‍, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ എന്നിവരെയാണ് സ്‌പെഷ്യല്‍ പോലിസുകാരായി നിയമിച്ചിരുന്നത്. കഴിഞ്ഞ തവണ ഇത്തരത്തില്‍ ഡ്യൂട്ടിയെടുത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നേരിട്ട് തന്നെ വേതനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുകയെന്ന് പറഞ്ഞ് രേഖകള്‍ വാങ്ങിവച്ച് ഒന്നര മാസം പിന്നിട്ടിട്ടും അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല.
ജില്ലയിലെ നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വലയുന്നത്. മലപ്പുറം ജില്ലാ പോലിസ് ആസ്ഥാന ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ കലക്ടറുടെ ഓഫിസിലും തഹസില്‍ദാര്‍ ഓഫിസിലും അന്വേഷിക്കാനാണ് പറയുന്നത്. അവിടെയെത്തുമ്പോള്‍ അവരും കൈമലര്‍ത്തുന്നുവെന്നാണ് പരാതി. ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ വിവിധ ബൂത്തുകളിലേക്ക് അയച്ചത്. അതിനാല്‍ അത്തരം പോലിസ് സ്‌റ്റേഷനുകളില്‍ അന്വേഷിക്കുമ്പോള്‍ അവരും കൃത്യമായ മറുപടി നല്‍കുന്നില്ല. സ്‌പെഷ്യല്‍ പോലിസ് ഡ്യൂട്ടിക്കുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പോലും അവസരം ഉണ്ടാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പഠനകാല ജീവിതത്തില്‍ പോലിസ് ജോലിയിലെ താല്‍പര്യങ്ങള്‍ കാരണമാണ് ഇത്തരം സേവനങ്ങള്‍ക്ക് തങ്ങള്‍ മുതിര്‍ന്നതെന്നും പക്ഷേ, അത് വിനയായി മാറിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അതേസമയം, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്ക് പ്രതിഫലം നല്‍കാനായി 36.14 ലക്ഷം രൂപ മാത്രമേ സര്‍ക്കാരില്‍നിന്ന് ലഭ്യമായിട്ടുള്ളൂവെന്നും അത് എക്‌സ് സര്‍വീസ് മെന്‍, എക്‌സ് പോലിസ്, എക്‌സ് പാരാമിലിറ്ററി ഫോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അനുവദിച്ചതുമായാണ് വിവരാവാകാശപ്രകാരമുള്ള മറുപടിയില്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് പ്രതിഫലം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലും സംസ്ഥാന ചീഫ് സെക്രട്ടറി മുഖാന്തിരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീശന്‍ തലത്തിലും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാരില്‍നിന്നു ഫണ്ട് ലഭ്യമാവുമ്പോള്‍ അനുവദിക്കുമെന്നുമാണ് എഡിജിപി ഹര്‍ഷിത അട്ടല്ലൂരി നല്‍കിയ മറുപടിയിലുള്ളത്.