മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

Update: 2023-06-09 06:14 GMT

കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജില്ലാ പോലിസ് സൂപ്രണ്ടും നല്‍കിയ ഉറപ്പ് പാഴായി. അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. ചീഫ് വിപ്പിനെയും ഡിവൈഎസ്പിയേയും തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി പോലിസാണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേ കേസെടുക്കുകയും കോടതിയില്‍ റിപോര്‍ട്ട് നല്‍കുകയും ചെയ്തതായാണ് വിവരം. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിമാരായ ആര്‍ ബിന്ദുവും വി എന്‍ വാസവനും വിദ്യാര്‍ഥികളും അധ്യാപകരും കോളജ് മാനേജ്‌മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാവില്ലെന്ന് മന്ത്രി ആര്‍ ബിന്ദുവും ഉറപ്പു നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരേ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലിസിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്പിയും ഉറപ്പുനല്‍കിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലിസ് സ്വമേധയാ കേസെടുത്ത് മുന്നോട്ടുപോവുന്നത്. അതിനിടെ ആരോപണ വിധേയായ ഹോസ്റ്റല്‍ വാര്‍ഡന്‍ മായയെ സ്ഥലമാറ്റിയേക്കുമെന്ന് സൂചനയുണ്ട്. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വാര്‍ഡനെ മാറ്റണമെന്ന ആവശ്യം മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും.

Tags:    

Similar News