ആന്ധ്രയില്‍ ഏഴും പത്തും വയസ്സുള്ള മരുമക്കളെ അമ്മാവന്‍ അടിച്ചുകൊന്നു
പാര്‍ഥിവ് സഹാവത്, രോഹന്‍ അശ്വിന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായ ശ്രീനിവാസ് റാവുവാണ് ഇവരെ ആക്രമിച്ചത്.
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ രണ്ട് മരുമക്കളെ അമ്മാവന്‍ അടിച്ചുകൊന്നു. ഏഴ്, 10 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് അമ്മാവന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്. പാര്‍ഥിവ് സഹാവത്, രോഹന്‍ അശ്വിന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായ ശ്രീനിവാസ് റാവുവാണ് ഇവരെ ആക്രമിച്ചത്. ആശുപത്രിയിലെത്തിയ റാവുവിനെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഇളയകുട്ടി സംഭവസ്ഥലത്തും മൂത്ത കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. മരക്കമ്പുകൊണ്ട് തലയില്‍ തുടര്‍ച്ചയായി അടിച്ചതുമൂലമുണ്ടായ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. ഗുണ്ടൂര്‍ ജില്ലയിലെ റിപ്പല്ലെ പട്ടണത്തിലാണ് മനസ്സാക്ഷി മരവിക്കുന്ന ഇരട്ടക്കൊലപാതകം നടന്നത്. കുട്ടികളുടെ മാതാപിതാക്കളായ കോട്ടേശ്വര റാവുവും ഉമാദേവിയും ബംഗളൂരുവിലെ ദൈനംദിന കൂലിത്തൊഴിലാളികളായി ജോലിചെയ്യുകയാണ്.
ലോക്ക് ഡൗണ്‍ സമയത്ത് കുട്ടികള്‍ അവരുടെ അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. തിങ്കളാഴ്ച ശ്രീനിവാസ് റാവു കുട്ടികളെ വീടിനകത്തേക്ക് കൊണ്ടുപോയി വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അടിയേറ്റ് തലയില്‍ രക്തസ്രാവമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സ്വന്തം മകനെ ശ്രീനിവാസ് റാവു ഉപദ്രവിച്ചില്ല.
മകനെ മരുമക്കള്‍ അവഗണിക്കുന്നുവെന്ന് സംശയിച്ചാണ് ഇയാള്‍ കുട്ടികളെ ആക്രമിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട കുട്ടികളോട് ഇയാള്‍ക്ക് അസൂയയും ദേഷ്യവുമുണ്ടായിരുന്നുവെന്ന് റിപ്പല്ലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂര്യനാരായണന്‍ എന്‍ഡിടിവിയോട് പറഞ്ഞു. കുട്ടികളുടെ മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ കേസ് ഫയല്‍ ചെയ്യുന്നത്. കുടുംബതര്‍ക്കങ്ങളോ മറ്റ് കാരണങ്ങളോ ഉണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിക്കും- പോലിസ് കൂട്ടിച്ചേര്‍ത്തു.