ചെന്നൈ: കടലൂരില്‍ കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ഗോവിന്ദരാജിന്റെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാക്ടറിയുടമയും ഡിഎംകെയുടെ കടലൂര്‍ എംപിയുമായ ടി ആര്‍ വി എസ് രമേശ് കോടതിയില്‍ കീഴടങ്ങി. ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. കേസില്‍ ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രമേശിനെതിരേ കേസെടുക്കുകയും തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പന്‍രുതിയിലെ കോടതിയില്‍ കീഴടങ്ങാനെത്തിയത്.
'തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ തെളിയിക്കും. എന്റെ നേതാവിന്റെ നല്ല ഭരണത്തെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും ഇടം നല്‍കാതിരിക്കാന്‍ ഞാന്‍ കീഴടങ്ങുന്നു. ചില പാര്‍ട്ടികള്‍ ഡിഎംകെയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ എനിക്ക് വേദനയുണ്ട്'- കീഴടങ്ങുന്നതിന് മുമ്പ് രമേശ് പ്രസ്താവിച്ചു. ഫാക്ടറിയിലെ തൊഴിലാളികളായ അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. കശുവണ്ടി സംസ്‌കരണ യൂനിറ്റിലെ ജീവനക്കാരായ നടരാജന്‍, കണ്ടവേല്‍, അല്ലപ്പിച്ചൈ, വിനോദ്, സുന്ദരരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
എട്ടുവര്‍ഷമായി രമേശിന്റെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഗോവിന്ദരാജ്. കേസെടുത്തതിന് പിന്നാലെ രമേശ് ഒളിവില്‍ പോവുകയായിരുന്നു. കേസ് ആദ്യം ജില്ലാ പോലിസാണ് അന്വേഷിച്ചിരുന്നത്. പിന്നീട് സപ്തംബര്‍ 28ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സപ്തംബര്‍ 20നു ഫാക്ടറിയിലേക്ക് പോയ ഗോവിന്ദരാജിനെ എട്ടുകിലോ കശുവണ്ടി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി പോലിസില്‍ ഏല്‍പ്പിച്ചു. ഗോവിന്ദരാജിനെ മര്‍ദ്ദിച്ചശേഷമാണ് ജീവനക്കാര്‍ കടമ്പുലിയൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചത്.
മുഖത്തുനിന്ന് രക്തംപൊടിയുന്നതു കണ്ട പോലിസ് ഗോവിന്ദരസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഇവര്‍ ഫാക്ടറിയില്‍ തിരികെ കൊണ്ടുവരികയും മണിക്കൂറുകള്‍ക്കുശേഷം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഗോവിന്ദരാജിന്റെ മകന്‍ തന്റെ പരാതിയില്‍ ഇത് വ്യക്തമായ കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഡിഎംകെ എംപിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് കീഴടങ്ങിയത്.