മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ രാജിക്കൊരുങ്ങി; തടഞ്ഞത് സഖ്യകക്ഷിയിലെ മുതിര്‍ന്ന നേതാവ്

Update: 2022-06-27 18:49 GMT

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറെടുത്തിരുന്നതായും അദ്ദേഹത്തെ പിന്തിരിപ്പിച്ചത് സഖ്യകക്ഷിയിലെ മുതിര്‍ന്ന നേതാവാണെന്നും റിപോര്‍ട്ട്. ഉദ്ധവ് താക്കറെയ്‌ക്കെതിരേ ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമതര്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് രണ്ടുതവണ ഉദ്ധവ് രാജിവയ്ക്കാനൊരുങ്ങിയത്. എന്നാല്‍, രണ്ടുവട്ടവും അദ്ദേഹത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

ഉദ്ധവിനെ രാജിവയ്ക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ച നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ വൃത്തങ്ങള്‍ തയ്യാറായില്ല. അതേസമയം, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണെന്നാണ് ഉദ്ധവിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. ശിവസേനയില്‍ വിമതരുടെ നേതൃത്വത്തില്‍ കലഹം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പലതവണ ശിവസേന മേധാവിയായ ഉദ്ധവുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ചേരിയില്‍ നില്‍ക്കുന്ന മൂന്ന് പാര്‍ട്ടികളെ ലയിപ്പിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിന് രൂപം നല്‍കിയതിന് പിന്നിലുള്ളത് പവാറിന്റെ മസ്തിഷ്‌കമാണ്. അതുകൊണ്ടുതന്നെ ഉദ്ധവിനെ പിന്തിരിപ്പിച്ചതും പവാറാണെന്നാണ് വിവരം.

ഏക്‌നാഥ് ഷിന്‍ഡെയും 21 വിമതന്‍മാരും ഗുജറാത്തിലെ സൂറത്തിലേക്ക് പോയ കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ജൂണ്‍ 21ന് ഉദ്ധവ് രാജിവയ്‌ക്കേണ്ടതായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ രാജിപ്രഖ്യാപിക്കാനായിരുന്നു ഉദ്ധവിന്റെ തീരുമാനം. കൂടുതല്‍ പേര്‍ വിമത ക്യാംപിലേക്ക് പോവുമെന്ന വിശ്വാസവും ഉദ്ധവിനുണ്ടായിരുന്നു. എന്നാല്‍, രാജി അരുതെന്ന് മഹാവികാസ് അഘാടി സഖ്യത്തിലെ 'ഏറ്റവും മുതിര്‍ന്ന നേതാവ്' അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നെന്ന് രഹസ്യവൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത ദിവസവും ഉദ്ധവ് രാജി പ്രഖ്യാപനത്തിനൊരുങ്ങി. യാത്രപറച്ചിലന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും രഹസ്യവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ആ സമയവും 'മുതിര്‍ന്ന നേതാവ്' ഒരിക്കല്‍ക്കൂടി ഇടപെടല്‍ നടത്തിയെന്നും ഉദ്ധവിനെ പിന്തിരിപ്പിച്ചെന്നും രഹസ്യവൃത്തങ്ങള്‍ വിശദീകരിച്ചു. രാജിവയ്ക്കുമെന്ന സൂചനകള്‍ക്കിടയില്‍ താക്കറെ വൈകുന്നേരം നാല് മണിക്ക് ഫേസ്ബുക്ക് ലൈവ് വിളിച്ചിരുന്നുവെങ്കിലും അത് അരമണിക്കൂര്‍ വൈകി.

താക്കറെയെ രാജിവയ്ക്കുന്നതില്‍ നിന്ന് തടയാന്‍ മുതിര്‍ന്ന നേതാവ് ശ്രമിച്ചതാണ് ഇത് വൈകാന്‍ കാരണമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. രാജിക്ക് പകരം പ്രശ്‌നത്തെ ശാന്തമായും തന്ത്രപരമായും സമീപിക്കാനും വിട്ടുവീഴ്ച ചെയ്യാതെ അതിനെ ചെറുക്കാനും അദ്ദേഹം ഉദ്ധവിനെ ഉപദേശിക്കുകയും ചെയ്തതായാണ് റിപോര്‍ട്ടുകള്‍. താന്‍ രാജിക്കത്ത് നല്‍കാന്‍ തയ്യാറാണെന്നാണ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് പറഞ്ഞത്. വിമതര്‍ തന്റെ മുഖത്ത് നോക്കി ഇക്കാര്യം ആവശ്യപ്പെടണമെന്ന് താന്‍ ആഗ്രഹിച്ചു. ഒരു വിമതനെങ്കിലും തന്റെ അടുത്ത് വന്ന് നേരിട്ട് പരാതി പറഞ്ഞാല്‍ താന്‍ രാജിവയ്ക്കും- താക്കറെ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News