ദലിത് വിരുദ്ധ പരാമര്‍ശം: ഡിഎംകെ രാജ്യസഭാ എംപി ആര്‍ എസ് ഭാരതി അറസ്റ്റില്‍
ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയില്‍നിന്നാണ് ഗ്രേറ്റര്‍ ചെന്നൈ പോലിസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം അദ്ദേഹത്തെ അറസ്റ്റുചെയ്യുന്നത്. എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഇദ്ദേഹത്തെ ഹാജരാക്കി.
ചെന്നൈ: ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡിഎംകെ രാജ്യസഭാ എംപി ആര്‍ എസ് ഭാരതിയെ ചെന്നൈ പോലിസ് അറസ്റ്റുചെയ്തു. ദലിത് വിഭാഗത്തില്‍പ്പെട്ട ജഡ്ജിമാര്‍ക്കെതിരേ അവഹേളനപരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് ഭാരതിയെ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയില്‍നിന്നാണ് ഗ്രേറ്റര്‍ ചെന്നൈ പോലിസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം അദ്ദേഹത്തെ അറസ്റ്റുചെയ്യുന്നത്. എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഇദ്ദേഹത്തെ ഹാജരാക്കി. മൂന്നുമാസം മുമ്പ് ഫെബ്രുവരിയില്‍ കലൈഞ്ജര്‍ റീഡേഴ്‌സ് സര്‍ക്കിള്‍ ചടങ്ങില്‍ വച്ചായിരുന്നു ഭാരതിയുടെ വിവാദപ്രസംഗം.
മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പടെ ദലിത് വിഭാഗത്തില്‍നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളെ അടക്കം അദ്ദേഹം വിമര്‍ശിച്ചിരുന്നു. പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ ഭാരതി ഡിഎംകെ നേതാവ് എം കെ സ്റ്റാലിനോട് ക്ഷമാപണം നടത്തിയിരുന്നു. എന്നല്‍, വിവാദപരാമര്‍ശത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു.
എസ്‌സി, എസ്ടി നിയപ്രകാരം ടെയ്നാംപേട്ട് പോലിസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് സിസിബിയിലേക്ക് മാറ്റി. അഴിമതി ആരോപണമുന്നയിച്ച് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനെതിരേ പരാതി നല്‍കിയതിനെ തൊട്ടടുത്ത ദിവസമാണ് ഭാരതി അറസ്റ്റിലാവുന്നത്. അണ്ണാ ഡിഎംകെ നേതാക്കള്‍ക്കെതിരേ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നാണ് ആര്‍ എസ് ഭാരതിയുടെ ആരോപണം. പോലിസിനെ ഉപയോഗിച്ച് അണ്ണാ ഡിഎംകെ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദലിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭാ എംപി ദയാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്ട്.