ഡോക്ടറെ കൈകള്‍ കെട്ടിയിട്ട് പോലിസ് നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു പറഞ്ഞതിനു അച്ചടക്കലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ട നരസിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായിരുന്ന ഡോ. സുധാകറിനെയാണ് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്

Update: 2020-05-17 11:03 GMT

ഹൈദരാബാദ്: ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എന്‍ 95 മാസ്‌ക് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചതിനു സസ്‌പെന്റ് ചെയ്യപ്പെട്ട ഡോക്ടറെ പോലിസ് കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട് നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം പോലിസിന്റെ ക്രൂരമായ നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു പറഞ്ഞതിനു അച്ചടക്കലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ട നരസിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായിരുന്ന ഡോ. സുധാകറിനെയാണ് പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയാണ് പോലിസിന്റെ ക്രൂരത. എന്നാല്‍, ആരുംതന്നെ പോലിസ് ക്രൂരതയ്‌ക്കെതിരേ അനങ്ങുന്നില്ലെന്നു മാത്രമല്ല, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

    ഡോക്ടര്‍മാര്‍ക്ക് എന്‍ 95 മാസ്‌കുകള്‍ നല്‍കിയിട്ടില്ലെന്നും ഒരു മാസ്‌ക് 15 ദിവസത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു ഡോ. സുധാകറിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ച്ച് മാസം ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. അക്കയപാലം പ്രദേശത്ത് ദേശീയപാതയില്‍ ഒരാള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പോലിസ് കണ്‍ട്രോള്‍ റൂമില്‍ ഒരു ഫോണ്‍ ലഭിച്ചെന്നും പോലിസ് സ്ഥലത്തെത്തിയപ്പോള്‍ ഡോ. സുധാകറാണെന്ന് മനസ്സിലാവുകയും ചെയ്തതായി പോലിസ് കമ്മീഷണര്‍ മീന പറഞ്ഞു.

    പോലിസ് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ സുധാകര്‍ മോശമായി പെരുമാറി. ഒരു കോണ്‍സ്റ്റബിളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെറിഞ്ഞു. ഡോക്ടര്‍ കുറച്ചുകാലമായി മാനസിക പ്രശ്‌നങ്ങളാല്‍ വലയുകയാണെന്നും പോലിസ് കമ്മീഷണര്‍ മീന ആരോപിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാവാതിരിക്കാനാണ് പോലിസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ഇദ്ദേഹത്തെ കിങ് ജോര്‍ജ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന റിപോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഡോ. സുധാകറിനെതിരേ കേസെടുക്കും. അതേസമയം, ഡോക്ടറെ മര്‍ദ്ദിച്ചതിന് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും മീന പറഞ്ഞു.


ഡോ. സുധാകറിനെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് ചികില്‍സയ്ക്കായി റഫര്‍ ചെയ്തതായി കിങ് ജോര്‍ജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ അര്‍ജുന പറഞ്ഞു. വൈകീട്ട് 6.30നാണ് ഡോ. സുധാകറിനെ കെജിഎച്ച് കാഷ്വാലിറ്റി വാര്‍ഡിലേക്ക് കൊണ്ടുവന്നത്. പരിശോധനയില്‍ മദ്യപിച്ച നിലയിലാണെന്ന് കണ്ടെത്തി. മദ്യലഹരിയിലാണ് എല്ലാവരോടും മോശമായി പെരുമാറിയത്. രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഡോ. കെ അര്‍ജുന പറഞ്ഞു.


അതേസമയം, ഡോക്ടറോടുള്ള പോലിസ് നടപടി സംസ്ഥാനത്ത് രാഷ്ട്രീയ വാക് പോരിന് കാരണമായി. പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയും സിപിഐയും മറ്റ് പാര്‍ട്ടികളും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണിതെന്ന് ആരോപിക്കുകയും ചെയ്തു.




Tags:    

Similar News