പ്രാര്‍ഥനകള്‍ക്കും രക്ഷിക്കാനായില്ല; അനീഷ യാത്രയായി

പാലക്കാട് കല്‍മണ്ഡപം അക്ബറിന്റെ മകള്‍ വിദ്യാര്‍ഥിയായ അനീഷയാണ് ഇന്നു രാവിലെ 11.15ഓടെ മരണത്തിന് കീഴടങ്ങിയത്. കരളിന് ഗുരുതര രോഗം ബാധിച്ച് ദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനായിരുന്ന അനീഷ.

Update: 2019-01-05 07:01 GMT

പാലക്കാട്: ഒരു നാടിന്റെയാകെ പ്രാര്‍ഥനകള്‍ക്കും നിരവധിയാളുകളുടെ കയ്യും മെയ്യും മറന്നുളള സാമ്പത്തിക സഹായങ്ങള്‍ക്കും അനീഷയെന്ന 16കാരിയുടെ ജീവനെ പിടിച്ചുനിര്‍ത്താനായില്ല. പാലക്കാട് കല്‍മണ്ഡപം അക്ബറിന്റെ മകള്‍ വിദ്യാര്‍ഥിയായ അനീഷയാണ് ഇന്നു രാവിലെ 11.15ഓടെ മരണത്തിന് കീഴടങ്ങിയത്. കരളിന് ഗുരുതര രോഗം ബാധിച്ച് ദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനായിരുന്ന അനീഷ.

സാമ്പത്തികമായ ഏറെ പിന്നാക്കം നില്‍ക്കുന്ന അനീഷയുടെ കുടുംബത്തിനെ ചികില്‍സാ ചെലവുകള്‍ക്കായി സാമ്പത്തികമായി സഹായിക്കണമെന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ അഭ്യര്‍ഥനയെതുടര്‍ന്ന് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി 47 ലക്ഷത്തോളം രൂപ രണ്ടു ദിവസം കൊണ്ട് സ്വരൂപിച്ചിരുന്നു. മലയാളി കൂട്ടായ്മയുടെ കരുത്തിനും ഡോക്ടര്‍മാരുടെ നിരന്തര പരിശ്രമത്തിനും അനീഷയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായില്ല.

പിതാവ് അക്ബറിന്റെ കരള്‍ പകുത്തുനല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇന്നു നടത്തിയ പരിശോധകളില്‍ അക്ബറിന്റെ കരളിനും പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു വഴികളിലൂടെ കരള്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പിനിടെയാണ് മരണം.

അനീഷയുടെ മരണം ഫിറോസ് കുന്നുംപറമ്പില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.രണ്ടുദിവസമായി ഒരു ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി നടത്തിയ പോരാട്ടം അവസാനിക്കുകയാണ്. നമ്മുടെയൊക്കെ പോരാട്ടങ്ങള്‍ക്കും പ്രാര്‍ഥനങ്ങള്‍ക്കും അപ്പുറത്തേക്കി സര്‍വശക്തന്റെ വിളിക്കുത്തരം നല്‍കി പൊന്നുമോള്‍ യാത്രയായെന്നും ഫിറോസ് വീഡിയോയിലൂടെ അറിയിച്ചു.




Tags:    

Similar News