'ഗസ കൂട്ടക്കുഴിമാടമായി മാറുന്നു; ലോകനേതാക്കളും കുറ്റകൃത്യത്തില്‍ പങ്കാളികള്‍'; ആഞ്ഞടിച്ച് ഹോളിവുഡ് താരം ആഞ്ജലീനാ ജോളി
വാഷിങ്ടണ്‍: ഇസ്രായേല്‍ ആക്രമണത്തെ അതിരൂക്ഷ ഭാഷയില്‍ പ്രതികരിച്ച് ഹോളിവുഡ് താരം ആഞ്ജലീനാ ജോളി. ഗസ കൂട്ടക്കുഴിമാടമായി മാറുകയാണെന്നും ലോകനേതാക്കളും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും അവര്‍ പറഞ്ഞു. പലായനം ചെയ്യാന്‍ യാതൊരു വഴിയുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒരു ജനതയ്ക്കു മേല്‍ നടത്തുന്ന മന:പൂര്‍വമായ ബോംബാക്രമണമാണിതെന്ന് ആഞ്ജലീനാ ജോളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടു പതിറ്റാണ്ടായി ഒരു തുറന്ന ജയിലായി തുടരുകയാണ് ഗസ. ഇപ്പോഴത് കൂട്ടക്കുഴിമാടമായി മാറുകയാണ്. ഗസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ്. കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുന്നു. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയാണ് നടപടി. ഇതെല്ലാം ലോകരാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കൂട്ടത്തോടെ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വം ഇല്ലാതാക്കപ്പെടുകയുമാണ്. ഭക്ഷണമോ മരുന്നോ മാനുഷിക സഹായമോ ഇല്ലാതെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചാണ് ക്രൂരത തുടരുന്നത്. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയും ഐക്യരാഷ്ട്രസഭയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ തടഞ്ഞും ലോകനേതാക്കള്‍ കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയാണെന്നും ആഞ്ജലീനാ ജോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുതവണ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ വ്യോമാക്രമണത്തിനു വിധേയമായ ജബലിയ അഭയാര്‍ഥി ക്യാംപിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. അതിനിടെ, ഇസ്രായേലിനെ വിമര്‍ശിച്ച ഹോളിവുഡ് താരം ആഞ്ജലീനാ ജോളിക്കെതിരേ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.