റിലയന്‍സ്-എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍

Update: 2019-02-20 05:48 GMT

ന്യൂഡല്‍ഹി: റിലയന്‍സ്-എറിക്‌സണ്‍ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. കോടതി ഉത്തരവ് ഉണ്ടായിട്ടും 550 കോടി രൂപ നല്‍കിയില്ല എന്ന് ആരോപിച്ച് എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് വിധി.

നാലാഴ്ച്ചക്കം പലിശയടക്കം 453 കോടി നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ മൂന്നുമാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിലുണ്ട്. ജസ്റ്റിസ്മാരായ റോഹിങ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. റഫാലില്‍ പണം മുടക്കാന്‍ കെല്‍പ്പുള്ള അനില്‍ അംബാനിക്ക് എന്തുകൊണ്ട് കുടിശ്ശിക നല്‍കിക്കൂടയെന്നും കോടതി ചോദിച്ചു.സ്വിസ്സ് കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള പണം നല്‍കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ കമ്പനി പാപ്പരായതിനാല്‍ ആണ് നേരത്തെ ഉറപ്പ് നല്‍കിയ പണം നല്‍കാന്‍ കഴിയാത്തത് എന്നും റിലയന്‍സ് സുപ്രിംകോടതിയില്‍ ആവര്‍ത്തിച്ചു.

നേരത്തെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവ് തിരുത്തിയ സംഭവത്തില്‍ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ അര്‍ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടിരുന്നു. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരമാണ് നടപടി. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്. എറിക്‌സണ്‍ ഇന്ത്യ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ റോഹിങ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ച് ഈ മാസം ഏഴിന് പുറപ്പെടുവിച്ച വിധിയാണ് ജീവനക്കാര്‍ തിരുത്തിയത്.

അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിന് നിര്‍ദേശിച്ച വിധി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ തിരുത്തുകയായിരുന്നു. നേരിട്ട് ഹാജരാവുന്നതില്‍ നിന്നും അനില്‍ അംബാനിക്ക് ഇളവ് നല്‍കിയെന്നാണ് വെബ്‌സൈറ്റിലുണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ജീവനക്കാരാണ് വിധി തിരുത്തിയതെന്ന് കണ്ടെത്തിയത്.




Tags:    

Similar News