ബിജെപിയില്‍ ചേര്‍ന്നില്ല; പ്രചരണം വ്യാജമെന്ന് അഞ്ജു ബോബി ജോര്‍ജ്
മുരളീധരന്‍ കുടുംബസുഹൃത്താണ്. താന്‍ അദ്ദേഹത്തെ കാണാനാണ് പോയത്. അവര്‍ വേദിയിലേക്കു ക്ഷണിച്ചു. പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു- അഞ്ജു പറഞ്ഞു.
ബംഗളൂരു: താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്നു വാര്‍ത്ത വന്ന സാഹചര്യത്തിലാണ് മുന്‍ ലോങ്ജംപ് താരം തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയത്.
കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിനില്‍ ബിജെപിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം അഞ്ജു ബോബി ജോര്‍ജ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇതോടെയാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍ കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാനാണ് പരിപാടിക്കു പോയതെന്നും ഈ സമയത്തു ബിജെപി പതാക നല്‍കി അവര്‍ സ്വീകരിക്കുകയായിരുന്നെന്നും അഞ്ജു മാധ്യമങ്ങളോടു വ്യക്തമാക്കി.
മുരളീധരന്‍ കുടുംബസുഹൃത്താണ്. താന്‍ അദ്ദേഹത്തെ കാണാനാണ് പോയത്. മുരളീധരന്‍ പാര്‍ട്ടി പരിപാടിയിലായതിനാല്‍ അവിടെ കാണാനായി അവിടെ പോയി. അവര്‍ വേദിയിലേക്കു ക്ഷണിച്ചു. പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിനാണ് നടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു- അഞ്ജു പറഞ്ഞു.
അഞ്ജു തന്നെ കാണാനായാണ് ബംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.