വലയ സൂര്യഗ്രഹണം ഇന്ന്; നാദാപുരത്ത് പൂര്‍ണവലയം ദൃശ്യമാകും
രാവിലെ എട്ട് മണിയോടെയാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങുക. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.
തിരുവനന്തപുരം: സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്ന വലയസൂര്യഗ്രഹണം ഇന്ന്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണു ഇതിന്റെ പൂര്‍ണമായ കാഴ്ചകാണാവുന്ന പാത കടന്നുപോകുന്നത്. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റര്‍ വീതിയില്‍ ഇതേ സമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും നിരീക്ഷിക്കാനാകും.
വടക്കന്‍ കേരളത്തിലും, തെക്കന്‍ കര്‍ണാടകത്തിലും, മദ്ധ്യതമിഴ്‌നാട്ടിലും ഇന്ത്യയില്‍ വലയ ഗ്രഹണം ദൃശ്യമാകും. രാവിലെ എട്ട് മണിയോടെയാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങുക. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ തോതില്‍ ആസ്വദിക്കാം, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87-93 ശതമാനം വരെയും മറയും.
വലയഗ്രഹണം കാണാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. സ്‌കൂളുകളും കോളജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാന്‍ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയം, കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനം, ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളജ് മൈതാനം, പുറമേരി നാദാപുരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളില്‍ കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രഹണം വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഒരു കാരണവശാലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുവാന്‍ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്‌സ്‌റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്‌സ്‌റേ ഷീറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ (ചിത്രം പതിയാത്ത ഭാഗം) പല ഷീറ്റുകള്‍ അടുക്കി വച്ച് വേണം നോക്കാന്‍. അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്, മൊബൈല്‍ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സൂര്യനെ നേരിട്ട് നോക്കാന്‍ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.
എന്താണു വലയ സൂര്യഗ്രഹണം?
സൂര്യനെ ഭൂമിയും ഭൂമിയെ ചന്ദ്രനും പരിക്രമണം ചെയ്യുന്നു. ഈ കറക്കങ്ങള്‍ക്കിടയില്‍ ഇവ മൂന്നും ഒരു നേര്‍രേഖയില്‍ വന്നാല്‍ ഭൂമിയില്‍ നിന്നു നോക്കുന്ന നമുക്ക് സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും. ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരികയും, ചന്ദ്രന്‍ സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റര്‍ ആണ്. ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ ശരാശരി ദൂരം 3,84,400 കിലോമീറ്ററും. ഇത്രവലിയ ദൂരം മൂലം ചന്ദ്രനെ നമ്മള്‍ തീരെ ചെറിയ ഒരു വസ്തുവായാണ് കാണുന്നത്.
ഏകദേശം 14 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ് സൂര്യന്‍. എന്നാല്‍ സൂര്യന്‍ ഭൂമിയില്‍ നിന്നും ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ്. ഈ ദൂരക്കൂടുതല്‍ കാരണം ചെറിയ ഒരു വസ്തുവായാണ് സൂര്യനെയും നമുക്ക് കാണാനാകുക. നേര്‍ക്കുനേരെ വന്നാല്‍, ഭീമാകാരനായ സൂര്യനെ ചന്ദ്രന് മറയ്ക്കാനാകും.
ഭൂമിയും ചന്ദ്രനുമൊക്കെ പരിക്രമണം ചെയ്യുന്നത് ദീര്‍ഘവൃത്താകാര പാതയിലാണ്. അതിനാല്‍ ചിലസമയങ്ങളില്‍ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കുകയും, ചന്ദ്രന്റെ ആപേക്ഷിക വലുപ്പം കുറയുകയും ചെയ്യും. അത്തരം ഒരവസരത്തിലാണ് ഗ്രഹണം നടക്കുന്നതെങ്കില്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ചന്ദ്രനാല്‍ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്റെ പുറംഭാഗം ഒരു വലയം കണക്കെ നമുക്ക് കാണാനാകും. ഇതാണ് വലയ സൂര്യഗ്രഹണം.
ഗ്രഹണസമയം
ഡിസംബര്‍ 26 രാവിലെ 8.05 മുതല്‍ 11.11 വരെ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. രാവിലെ എട്ടുമണിയോടെ കേരളത്തില്‍ ഗ്രഹണം ആരംഭിക്കും. 9.25ന് വടക്കന്‍കേരളത്തിലും 9.30ന് തെക്കന്‍ കേരളത്തിലും പരമാവധി ഗ്രഹണം ദൃശ്യമാകും. 11 മണിയോടെ ഗ്രഹണം അവസാനിക്കും. ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുന്നത് വിവിധ ഇടങ്ങളില്‍ 9.26 മുതല്‍ 9.30 വരെ.
വടക്കന്‍ കേരളത്തില്‍
വടക്കന്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണു ദൃശ്യമാകുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണു വലയ സൂര്യഗ്രഹണം. മറ്റു ജില്ലകളില്‍ ഭാഗികഗ്രഹണം. കോഴിക്കോട് ജില്ലയിലെ പുറമേരി നാദാപുരത്ത് രാവിലെ 9.26നു പൂര്‍ണവലയം ദൃശ്യമാകും. ഇത് 2.45 മിനിറ്റ് നീണ്ടുനില്‍ക്കും. ഗ്രഹണസമയത്തു സൂര്യന്റെ 98% മറഞ്ഞിരിക്കും. അവശേഷിക്കുന്ന 2% ആണ് വലയമായി കാണുന്നത്. ഈ കാഴ്ച പുറമേരി നാദാപുരത്തു മാത്രം.
എങ്ങനെ കാണാം?
ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ ടെലിസ്‌കോപ്, പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, സോളര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ ക്യാമറ, വെല്‍ഡിങ് ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണസമയത്തു സൂര്യനെ വീക്ഷിക്കാന്‍ പാടില്ല. എക്‌സ്‌റേ ഫിലിം ഉപയോഗിച്ച് ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. അള്‍ട്രാ വയലറ്റ് രശ്മികളേറ്റു കാഴ്ചശേഷി നഷ്ടമാവുകയോ രോഗങ്ങള്‍ക്ക് ഇടവരുത്തുകയോ ചെയ്യും.