ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ള മാംസവില്‍പ്പന ശാലകള്‍ പൂട്ടണമെന്ന ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് പത്ത് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പ്രദേശത്തെ 26 മാംസവില്‍പ്പനശാലകള്‍ പൂട്ടണമെന്നായിരുന്നു വരാണസി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിറക്കിയിരുന്നത്. ഇത് ലംഘിച്ചെന്നാണ് കട ഉടമകള്‍ക്കെതിരായ ആരോപണം. കടകള്‍ ശുചിത്വം പാലിക്കുന്നില്ലെന്നും രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നുമാണ് നോട്ടീസില്‍ അധികൃതര്‍ ആരോപിച്ചിരുന്നത്.
ചൗക്ക്, ദശാശ്വമേധ് സ്റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. അധികൃതരുടെ ഉത്തരവ് പാലിച്ചില്ല, മൃഗങ്ങളെ കൊന്നു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരവ് ബന്‍സാല്‍ പറഞ്ഞു. മറ്റൊരു ജീവിതമാര്‍ഗം ഉറപ്പുവരുത്താതെ തങ്ങളുടെ കടകള്‍ പൂട്ടരുതെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ വരാണസി മേയര്‍ അശോക് തിവാരിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് മേയര്‍ പറഞ്ഞു.