ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം ബംഗ്ലാദേശിലേക്ക്
ധാക്ക: ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ശെയ്ഖ് മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട വിവരം റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ച മുന്‍ സൈനികന്‍ മേജര്‍ ശരീഫുല്‍ ഹഖ് ദാലിം ബംഗ്ലാദേശിലേക്ക് തിരികെയെത്തുന്നു. മുജീബ് റഹ്മാന്റെ മകളും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായിരുന്ന ശെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് പതിറ്റാണ്ടുകളുടെ ഒളിവ് ജീവിതത്തിന് ശേഷം മേജര്‍ ശരീഫുല്‍ ഹഖ് ദാലിം തിരികെയെത്തുന്നത്.
1975 ആഗസ്റ്റ് പതിനഞ്ചിനാണ് മുജീബുര്‍ റഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ശെയ്ഖ് ഹസീനയും സഹോദരി ശെയ്ഖ് രെഹാനയും വിദേശത്തായിരുന്നതിനാല്‍ കൊല്ലപ്പെട്ടില്ല. ബംഗ്ലാദേശ് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ അയച്ച പ്രത്യേകസംഘമാണ് മുജീബുര്‍ റഹ്മാനെ കൊന്നത്. ഈ സംഘത്തില്‍ ദാലിമുണ്ടായിരുന്നില്ല. പക്ഷേ, മരണവിവരം റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ചത്. ദാലിമായിരുന്നു. '' സ്വേച്ഛാധിപതി ശെയ്ഖ് മുജീബ് കൊല്ലപ്പെട്ടു. ഖണ്ഡേക്കര്‍ മുഷ്താഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സൈന്യം അധികാരം പിടിച്ചെടുത്തു. കര്‍ഫ്യൂ പ്രഖ്യാപിച്ചു.''-എന്നായിരുന്നു പ്രഖ്യാപനം.
മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിന് ശേഷം അധികാരത്തിലെത്തിയ ഭരണകൂടം ദാലിമിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി. പിന്നീട് നയതന്ത്രപ്രതിനിധിയായി ചൈനയിലേക്കും ഹോങ്കോംഗിലേക്കും കെനിയയിലേക്കും അയച്ചു. ഇടക്കാലത്ത് ഐക്യരാഷ്ട്രസഭയിലെ ബംഗ്ലാദേശിന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചു. എന്നാല്‍, 1996ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ശെയ്ഖ് ഹസീന പ്രധാനമന്ത്രിയായതോടെ ദാലിം ഒളിവില്‍ പോവേണ്ടി വന്നു.
മുജീബുര്‍ റഹ്മാന്റെ കൊലപാതകം ആസൂത്രണം ചെയ്ത നിരവധി പേരെ ഹസീനയുടെ ഭരണകൂടം വധശിക്ഷക്ക് വിധിച്ചു. അബ്ദുല്‍ മജീദ്, സയ്യിദ് ഫാറുഖ് റഹ്മാന്‍, സുല്‍ത്താന്‍ ശഹ്‌രിയാര്‍ റാഷിദ് ഖാന്‍, ബസ്‌ലുല്‍ ഹുദ, എ കെ എം മുഹിയുദ്ദീന്‍ അഹമ്മദ്, അഹമദ് എന്നിവരെ വധശിക്ഷക്ക് വിധേയമാക്കി. അസീസ് പാഷ എന്നയാള്‍ സിംബാവേയില്‍ മരിച്ചു. കേസില്‍ ദാലിമിനെയും കേണല്‍ റാഷിദ് ചൗധുരിയെയും നൂര്‍ ചൗധുരിയെയും പിടികൂടാന്‍ ഹസീനയുടെ ഭരണകൂടത്തിന് സാധിച്ചില്ല. കേണല്‍ റാഷിദ് ചൗധുരി നിലവില്‍ യുഎസിലാണുള്ളത്. നൂര്‍ ചൗധുരി കാനഡയിലും. ഇവരെ വിട്ടുകിട്ടാന്‍ ഹസീനയുടെ ഭരണകൂടം നിരവധി തരത്തില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, ദാലിം എവിടെയാണ് ഉള്ളതെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.
മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തി രാജ്യത്തെ മോചിപ്പിച്ചവരെ തിരികെ കൊണ്ടുവരുമെന്ന് ഇടക്കാല സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുജീബ് റഹ്മാനെ രാഷ്ട്രപിതാവാക്കിയ പഴയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ജനുവരി അഞ്ചിന് ഒരു ബംഗ്ലാദേശി മാധ്യമത്തിന് മേജര്‍ ദാലിം അഭിമുഖം നല്‍കി.
ബംഗ്ലാദേശ് വിമോചന സമരകാലത്ത് ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ ബംഗ്ലാദേശിന്റെ പരമാധികാരത്തെ ഹനിക്കുന്നതായിരുന്നു എന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ സര്‍ക്കാരിന് ഹിന്ദുത്വ നയങ്ങളാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഹസീനയെ പുറത്താക്കാന്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ ഇക്കാര്യം കൂടി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ തിരികെ വരാന്‍ ഹൃദയം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.