മറ്റൊരു നഗരത്തിന്റെ പേര് കൂടി മാറ്റുന്നു; ഹോഷംഗാബാദ് നഗരം നര്‍മദാപുരമാക്കും
ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൊഷാംഗാബാദിന്റെ പേര് സര്‍ക്കാര്‍ മാറ്റണോ എന്ന് അദ്ദേഹം സദസ്സിനോട് ചോദിച്ചു.
'പുതിയ പേര് എന്തായിരിക്കണം?' എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് 'നര്‍മദാപുരം' എന്ന് ആളുകള്‍ മറുപടി പറയുകയായിരുന്നു. ഹോഷംഗാബാദിന്റെ പേര് നര്‍മദപുരം എന്ന് മാറ്റാനുള്ള നിര്‍ദ്ദേശ കേന്ദ്രത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചരിത്ര നിമിഷമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും ഇനി നര്‍മദയുടെ പേരില്‍ നഗരം അറിയപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും ബിജെപി അംഗങ്ങള്‍ പ്രതികരിച്ചു.
നര്‍മദ നദിക്കരയില്‍ സിമന്റ് ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും അദ്ദേഹം ജനങ്ങളെ അറിയിച്ചു.