മുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി സ്പീക്കര്‍ പ്രിവിലേജ് കമ്മിറ്റിക്കു കൈമാറി
ന്യൂഡല്‍ഹി: ബിഎസ് പി എംപി ഡാനിഷ് അലിക്കെതിരേ പാര്‍ലിമെന്റില്‍ ബിജെപി അംഗം രമേഷ് ബിധുരി നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ എംപിമാരുടെ പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. വംശീയ അധിക്ഷേപത്തിനിരയായ ഡാനിഷ് അലി, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങി നിരവധി പ്രതിപക്ഷ എംപിമാരാണ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ടത്. എന്നാല്‍ നിഷികാന്ത് ദുബെ ഉള്‍പ്പെടെയുള്ള ഏതാനും ബിജെപി എംപിമാര്‍ ഡാനിഷ് അലിക്കെതിരേയും പരാതി നല്‍കിയിരുന്നു. ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെ ബിധുരിയെ ഡാനിഷ് അലി പ്രകോപിപ്പിച്ചെന്നാണ് ബിജെപി എംപിമാരുടെ ആരോപണം. തുടര്‍ന്നാണ് സപീക്കര്‍ പരാതികളെല്ലാം പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറായത്. ബിജെപി എംപി സുനില്‍ കുമാര്‍ സിങാണ് പ്രിവിലേജ് കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നത്. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറിയതിന് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് എക്‌സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാലാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.