നിപയില്‍ ആശങ്ക ഒഴിയുന്നു; 20 സാംപിളുകള്‍കൂടി നെഗറ്റീവ്

Update: 2021-09-08 04:34 GMT

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ സാംപികളുകള്‍കൂടി നെഗറ്റീവായി. കഴിഞ്ഞദിവസം പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതോടെ നിപയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വലിയ ആശങ്ക ഒഴിഞ്ഞുപോയിരിക്കുകയാണ്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സാംപിളുകളാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്‌കില്‍ ഉള്ളവരെന്നു കരുതിയ 30 പേര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. 21 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

നിപയുമായി ബന്ധപ്പെട്ട് 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. നിപ ബാധ തിരിച്ചറിഞ്ഞ ഉടന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രതിരോധനടപടികള്‍ ഫലം കാണുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്ന് ജില്ലകള്‍ അതീവജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചത്. അതേസമയം, രോഗം റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരുള്‍പ്പെട്ട കേന്ദ്രസംഘം ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പത്തുപേരുടെയും ഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍, അടുത്തബന്ധുക്കള്‍, സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജാഗ്രത തുടരുന്നതായും കുട്ടിക്ക് നിപ വരാനുണ്ടായ കാരണം വിവിധ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന റിപോര്‍ട്ട് പ്രകാരമേ പറയാനാകൂവെന്നും മന്ത്രി അറിയിച്ചു.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഭോപാലില്‍നിന്നുള്ള എന്‍ഐവി സംഘം രണ്ടുദിവസത്തിനകം കോഴിക്കോടെത്തും. വീടുകള്‍ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ ജില്ലയില്‍ തുടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉറവിടം കണ്ടെത്തുന്നതിന് മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനക്ക് യാതൊരുവിധ തടസ്സവുമില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്. ഇതിന് നിയമപരമായ ഉത്തരവ് ആവശ്യമെങ്കില്‍ അതും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News