ഇനി ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം; വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍
വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്.
മരകാന: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സ്വപ്‌നസെമിക്ക് കളമൊരുങ്ങി. വെനസ്വെലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെ സെമിയില്‍ ബ്രസീലുമായി അര്‍ജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്. ബുധനാഴ്ച രാവിലെ ആറു മണിക്കാണ് സൂപ്പര്‍ ക്ലാസിക്കോ പോരാട്ടം.
ക്വാര്‍ട്ടറില്‍ വെനസ്വേലയ്ക്ക് എതിരെ മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ അവര്‍ മുന്നിലെത്തി. ലൗട്ടാറൊ മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്. 74ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയും വല ചലിപ്പിച്ചു. ലയണല്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍.
വെനസ്വേല പ്രതിരോധത്തിന്റെ വിള്ളല്‍ മുതലെടുത്തായിരുന്നു അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഡി പോള്‍ നല്‍കിയ പാസില്‍ ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു. ബോക്‌സിലേക്ക് ഓടിക്കയറിയെ സെല്‍സോ പന്ത് തട്ടി വലയിലാക്കി. 68ാം മിനിറ്റില്‍ അക്യൂനയ്ക്ക് പകരം സെല്‍സോയെ ഇറക്കിയത് വെറുതെയായില്ല. അര്‍ജന്റീനയ്ക്ക് 2-0ന്റെ ലീഡ്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീനയ്ക്ക്, നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി. മെസ്സി നിരവധി ഗോള്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഫിനിഷിങിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി. ആദ്യ ഗോളിന് ശേഷം അര്‍ജന്റീന പ്രതിരോധത്തിലേക്കു പിന്‍വലിയുകയും ചെയ്തു. ഇതിനിടയില്‍ അര്‍ജന്റീന ഗോള്‍മുഖത്ത് വെനസ്വേല പലതവണ ആശങ്ക തീര്‍ത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
2008 ബെയ്ജിങ് ഒളിംപിക്‌സ് സെമിഫൈനലിലാണ് അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. 2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലായിരുന്നു കോപ്പയിലെ അവസാന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0ന് പരാജയപ്പെടുകയാണ് ഉണ്ടായത്.