സൈനിക നീക്കങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം

ചാനല്‍ റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗസിലിന്റെ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ഥോദാസുമായി അര്‍ണബ് നടത്തിയ ഓണ്‍ലൈന്‍ സംഭാഷണമാണ് അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തിനു തെളിവായി പുറത്തുവന്നത്.

Update: 2021-01-19 13:42 GMT

തിരുവനന്തപുരം: രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി ചോര്‍ത്തിയെടുത്തെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്ന സംഭവത്തില്‍ അര്‍ണബിനെയും കൂട്ടുപ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും രാജ്യസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ പ്രകടനം നടത്തി. ചാനല്‍ റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗസിലിന്റെ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ഥോദാസുമായി അര്‍ണബ് നടത്തിയ ഓണ്‍ലൈന്‍ സംഭാഷണമാണ് അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തിനു തെളിവായി പുറത്തുവന്നത്.

40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ അര്‍ണബ് സന്തോഷിച്ചുവെന്നും ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സംബന്ധിച്ച് അര്‍ണബിനു മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെന്നുമാണു പാര്‍ഥോദാസുമായി നടത്തിയ ചാറ്റിങ്ങില്‍ അര്‍ണബ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ ഭടന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമേ സന്തോഷമുണ്ടാവുകയുള്ളൂ. ബിജെപി സര്‍ക്കാരിന്റെ ഇഷ്ട തോഴനായ അര്‍ണബ് തികഞ്ഞ രാജ്യദ്രോഹിയാണെന്ന് തെളിയിക്കുന്നതാണ് ചാറ്റിങ് രഹസ്യം.

കൂടാതെ ബാലാകോട്ട് പ്രത്യാക്രമണവും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും അര്‍ണബ് നേരത്തേതന്നെ അറിഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണകൂടം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പോലും വില്‍പ്പന ചരക്കാക്കി മാറ്റിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ അര്‍ണബ് ശത്രു രാജ്യത്തിന് കൈമാറിയിട്ടുണ്ടോ എന്നു പരിശോധിക്കപ്പെടണം. അര്‍ണബിനെയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉന്നതരെയും അറസ്റ്റുചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്ന പ്രതിഷേധത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷറഫ്, ജില്ലാ വൈസ് പ്രിസിഡന്റ് അബ്ദുസ്സലാം വേലുശ്ശേരി, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. ജില്ലാ തലങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.

Tags:    

Similar News