ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ്: ഉള്ളൂരിന്റെ കവിത ചൊല്ലി കെ ടി ജലീലിന്റെ പ്രതികരണം
നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നര്‍ത്ഥം വരുന്ന കവിതാ ശകലമാണ് ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റിനെ പരിഹസിച്ച് ജലീല്‍ ചൊല്ലിയത്.
മലപ്പുറം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പരിഹാസവുമായി മന്ത്രി കെ ടി ജലീല്‍. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നര്‍ത്ഥം വരുന്ന കവിതാ ശകലമാണ് ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റിനെ പരിഹസിച്ച് ജലീല്‍ ചൊല്ലിയത്.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. ആരോഗ്യസ്ഥിതി പരിഗണിച്ച് ഇബ്രാഹിംകുഞ്ഞിനെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കും.
അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ചു ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷമാണ് അറസ്റ്റ്. സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തിയ നാടകമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.