കുഴല്‍പണ സംഘത്തെ ആക്രമിച്ച കേസ്; അറസ്റ്റിലായ അത്തിമണി അനില്‍ അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണി
സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇയാള്‍ സംസ്ഥാനാന്തര സ്പിരിറ്റ് കടത്തു ലോബിയുടെ കേരളത്തിലെ പ്രധാന ഏജന്റാണെന്നും ചിറ്റൂര്‍ മേഖലയിലെ തോപ്പുകളിലേക്ക് ഉള്‍പ്പെടെ ഇയാള്‍ സ്പിരിറ്റ് കടത്തിയിരുന്നെന്നുംഎക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
വാളയാര്‍: കഞ്ചിക്കോട് ദേശീയപാതയില്‍ കുഴല്‍പണ സംഘത്തെ ആക്രമിച്ചു പണവും കാറും തട്ടിയെടുത്ത കേസില്‍ കസബ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്തര്‍സംസ്ഥാന സ്പിരിറ്റ് കടത്ത് ലോബിയിലെ മുഖ്യകണ്ണിയെന്ന് പോലിസ്.
2019ലാണു ചിറ്റൂരിലെ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് അനില്‍ ആദ്യമായി അറസ്റ്റിലാവുന്നത്.സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇയാള്‍ സംസ്ഥാനാന്തര സ്പിരിറ്റ് കടത്തു ലോബിയുടെ കേരളത്തിലെ പ്രധാന ഏജന്റാണെന്നും ചിറ്റൂര്‍ മേഖലയിലെ തോപ്പുകളിലേക്ക് ഉള്‍പ്പെടെ ഇയാള്‍ സ്പിരിറ്റ് കടത്തിയിരുന്നെന്നുംഎക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
2019ല്‍ കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ഉള്‍പ്പെടെ അനിലിനെ സഹായിക്കാനെത്തി. എന്നാല്‍, കേസില്‍ റിമാന്‍ഡിലായതോടെ ഇയാളെ സിപിഎം പുറത്താക്കി. 2017ല്‍ ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. രാഷ്ട്രീയ പിന്‍ബലമാണു കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഇയാള്‍ക്കു തുണയായത്.
ഒട്ടേറെ ഗുണ്ടാക്കേസുകളിലും സ്പിരിറ്റ് കടത്ത്, അടിപിടി, വധശ്രമക്കേസുകളിലും അത്തിമണി അനില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണു കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവു കൂടിയായ അത്തിമണി അനിലിന്റെ പങ്ക് പുറത്തായത്.
ചിറ്റൂരിലെ ചില മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും അനിലിനു ബന്ധമുണ്ടെന്നും ഇവരുടെ ബെനാമി ഇടപാട് നടത്തുന്നത് അനിലാണെന്നും ആരോപണമുണ്ട്. കസബ പോലിസിനു കീഴിലുള്ള ദേശീയപാത കവര്‍ച്ച കേസില്‍ നേരത്തെ അറസ്റ്റിലായ 5 പേരും അനിലിന്റെ നാട്ടുകാരും സംഘത്തിലുള്‍പ്പെട്ടവരുമാണ്. കവര്‍ച്ച ആസൂത്രണം ചെയ്തതും തട്ടിയെടുത്ത പണം വീതിച്ചു നല്‍കിയതും കേസിലെ മുഖ്യപ്രതിയായ അത്തിമണി അനിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അനിലിനേയും സംഘത്തേയും റിമാന്റ് ചെയ്തു.