50 ലക്ഷവുമായി അറസ്റ്റിലായ എംഎല്‍എമാര്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമോ?

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമം നടത്തിയെന്നത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എംഎല്‍എമാരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-08-03 09:32 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പോലിസ് കഴിഞ്ഞ ആഴ്ച അമ്പത് ലക്ഷം രൂപയുമായി അറസ്റ്റ് ചെയ്ത മൂന്ന് ജാര്‍ഖണ്ഡ് എംഎല്‍എമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ (സിഐഡി) സ്ഥിരീകരണം. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ള ഒരു വ്യക്തിയിലൂടെ അസം മുഖ്യമന്ത്രിയുമായി ഇവര്‍ക്കുള്ള പരോക്ഷ ബന്ധവും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 31ന് ആണ് പണവുമായി കാറില്‍ വരികയായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ദേശീയ പാതയില്‍ വെച്ച് പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജാംതാഡ എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രി എംഎല്‍എ രാജേഷ് കച്ഛപ്, കോലെബിര എംഎല്‍എ നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവരായിരുന്നു അറസ്റ്റിലായവര്‍.

ഇവരെ പിന്നീട് കോണ്‍ഗ്രസ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് പണം നല്‍കിയത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എംഎല്‍എമാര്‍ക്ക് പണം ശരിയാക്കി നല്‍കിയെന്ന് സംശയിക്കുന്ന ഒരു പ്രാദേശിക ഷെയര്‍മാര്‍ക്കറ്റ് വ്യാപാരിയുടെ ലാല്‍ബസാറിലെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും മൂന്ന് ലക്ഷം രൂപയും 250 വെള്ളി കോയിനുകളും മറ്റ് രേഖകളും പിടിച്ചെടുത്തതായും സിഐഡി അറിയിച്ചു.

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമം നടത്തിയെന്നത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എംഎല്‍എമാരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.എംഎല്‍എമാര്‍ക്കും ഹിമാന്ത ബിശ്വ സര്‍മയ്ക്കും ഇടയില്‍ പ്രവര്‍ത്തിച്ച കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇയാളുടെ പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊല്‍ക്കത്ത സദര്‍ സ്ട്രീറ്റിലെ ഒരു ഹോട്ടല്‍ എംഎല്‍എമാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആറ് മിനിറ്റ് ഇവിടെയുള്ള 106 ാം നമ്പര്‍ മുറിയില്‍ ചിലവഴിച്ചതായാണ് സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും വ്യക്തമാക്കുന്നത്. പിന്നീട് ഇവര്‍ മറ്റൊരു റെസ്‌റ്റോറന്റ്ബാറില്‍ ചിലവഴിച്ചുവെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെയുള്ള സിസിടിസി ദൃശ്യങ്ങളടക്കം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

എംഎല്‍എമാര്‍ കൊല്‍ക്കത്തിയില്‍ എത്തുന്നതിന് മുന്നേ അസം തലസ്ഥാനമായ ഗുവാഹാട്ടിയിലേക്ക് യാത്ര ചെയ്തതായി സിഐഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, തന്റെ മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഗുവാഹാട്ടി സന്ദര്‍ശിച്ചതെന്നാണ് ജാംതാഡ എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത്.

ബിജെപി അടുത്തിടെ നിരവധി സംസ്ഥാനങ്ങളില്‍ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും നിരവധി എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം അട്ടിമറിച്ചിരുന്നു.

Tags:    

Similar News