ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കേസ് വിശാല ബെഞ്ചിനു വിടുമോ? ഇന്നറിയാം
ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. രാവിലെ 10.30ന് ഇക്കാര്യത്തില്‍ വിധിപുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടണമോ എന്നകാര്യത്തില്‍ സുപ്രിംകോടതിയുടെ അഞ്ചംഗബെഞ്ച് തിങ്കളാഴ്ച ഉത്തരവിറക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. രാവിലെ 10.30ന് ഇക്കാര്യത്തില്‍ വിധിപുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കാര്യത്തില്‍ സുപ്രിംകോടതി നേരത്തേ സുദീര്‍ഘമായി വാദംകേട്ടിരുന്നു. 2019 ആഗസ്ത് അഞ്ചിന് രാഷ്ട്രപതി ഇറക്കിയ ഉത്തരവുപ്രകാരമാണ് ഭരണഘടനയുടെ 370ാം വകുപ്പ് ഇല്ലാതാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വകുപ്പും കശ്മീരിലും നടപ്പാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയുംചെയ്തു.
സര്‍ക്കാര്‍നടപടി ചോദ്യംചെയ്യുന്ന ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് പരീഖ്, ദിനേശ് ദ്വിവേദി, ഗോപാല്‍ ശങ്കരനാരായണന്‍, സി യു സിങ്, സെഡ് എ ഷാ തുടങ്ങിയവരാണ് ഏഴംഗബെഞ്ച് വേണമെന്നാവശ്യപ്പെട്ടത്.
അഞ്ചംഗബെഞ്ചുതന്നെ വാദംകേട്ടാല്‍ മതിയെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും വാദിച്ചിരുന്നു. ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും സി യു സിങ്ങും കേസില്‍ കക്ഷിചേര്‍ന്ന മേജര്‍ രവിക്കുവേണ്ടി അഡ്വ. വി.കെ. ബിജുവും ഇക്കാര്യത്തില്‍ കേന്ദ്രത്തോടു യോജിച്ചു.