സംവരണ അട്ടിമറിക്കെതിരേ ലേഖനം: ഡോ. കെ എസ് മാധവനെതിരായ നടപടിക്കെതിരേ പ്രമുഖ അക്കാദമിക് പണ്ഡിതര്‍ രംഗത്ത്

Update: 2021-05-07 05:44 GMT

തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന സംവരണ അട്ടിമറിക്കെതിരേ ലേഖനമെഴുതിയ ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ എസ് മാധവനെതിരായ കാലിക്കറ്റ് സര്‍വകലാശാലയുടെ കാരണം കാണിക്കല്‍ നോട്ടീസ് നടപടിക്കെതിരേ പ്രതിഷേധവുമായി പ്രമുഖ അക്കാദമിക് പണ്ഡിതര്‍ ഉള്‍പ്പെടെ രംഗത്ത്. മാധവനെതിരായ നടപടിയില്‍നിന്ന് സര്‍വകലാശാല അടിയന്തരമായി പിന്‍മാറണമെന്ന് യുജിസി മുന്‍ ചെയര്‍മാനും സാമ്പത്തിക വിദഗ്ധനുമായ സുഖദിയോ തൊറാട്ട്, ഫെമിനിസ്റ്റ് ചരിത്രകാരി ഉമ ചക്രവര്‍ത്തി, ഹൈദരാബാദ് ഇഫഌ പ്രഫസര്‍ കെ സത്യനാരായണ, എഴുത്തുകാരന്‍ നിസാര്‍ അഹമ്മദ്, സാമ്പത്തിക വിദഗ്ധനും മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുന്‍ പ്രഫസറുമായ എം കുഞ്ഞാമന്‍, ചരിത്രകാരനും കെസിഎച്ച്ആര്‍ മുന്‍ ഡയറക്ടറുമായ സനാല്‍ പി മോഹന്‍, സിഡിഎസ് പ്രഫസര്‍ ജെ ദേവിക, ഹൈദരാബാദ് ഇഫഌ പ്രഫസര്‍ ടി ടി ശ്രീകുമാര്‍, പി കെ പോക്കര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകള്‍ തുല്യ അവസരങ്ങള്‍ ഉറപ്പുവരുത്തേണ്ട ഇടങ്ങളാണ്. സംവരണം ഉള്‍പ്പെടെയുള്ള സാമൂഹിക ഉള്‍പ്പെടുത്തലിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളേണ്ട സര്‍വകലാശാല ഈ തത്വങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മാനവികത, സഹിഷ്ണുത, യുക്തി എന്നിവ ഉറപ്പുവരുത്താനുള്ള അനിയന്ത്രിതമായ ഒരു സ്ഥലമാണ് സര്‍വകലാശാല. അതിനാല്‍, അക്കാദമിക് സ്വാതന്ത്ര്യം തകര്‍ക്കുന്ന നടപടിയില്‍നിന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ എസ് മാധവനെ ഭീഷണിപ്പെടുത്തുന്ന നിലപാടുകളില്‍നിന്നും കാലിക്കറ്റ് സര്‍വകലാശാല ഉടന്‍ പിന്‍മാറണമെന്ന് പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സനല്‍ മോഹന്‍, സി ലക്ഷ്മണന്‍, മീന ഗോപാല്‍, ഡോ. ആസാദ്, കെ എം ഷീബ, യാസര്‍ അറഫാത്ത്, ബര്‍ടണ്‍ ക്ലീറ്റസ്, രേഖ രാജ്, രേശ്മ ഭരദ്വാജ്, ജയശീലന്‍ രാജ്, ശ്രുതി ഹെര്‍ബര്‍ട്, മുഹമ്മദ് ഇര്‍ഷാദ്, തിയാഗു രംഗനാഥന്‍, മൈത്രി പ്രസാദ് അലിയമ്മ, കെ എന്‍ സുനന്ദന്‍, കെ സി ബിന്ദു, എസ് ഗുണശേഖരന്‍ തുടങ്ങി 87 പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Tags:    

Similar News