എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംവരണ അട്ടിമറി; നവോത്ഥാന മൂല്യസംരക്ഷണസമിതി അംഗം രാജിവച്ചു

കരാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ കണക്കും പുറത്തുവിടണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം സംവരണതലത്തില്‍ മാറ്റംവരുത്തേണ്ടത്. ഒരോ കോര്‍പറേഷനും കോടികള്‍ ഫണ്ടും കാബിനറ്റ് റാങ്കും കൊടുക്കുമ്പോള്‍ പട്ടികജാതി വികസന കോര്‍പറഷന് ഈ സര്‍ക്കാര്‍ എന്ത് നല്‍കി.

Update: 2020-10-31 05:55 GMT

കോട്ടയം: സംവരണത്തെ അട്ടിമറിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നവോത്ഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന സമിതിയില്‍നിന്ന് എ കെ സജീവ് രാജിവച്ചു. സംവരണീയവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെ മുഖംതിരിക്കുകയും ഭരണഘടനാവിരുദ്ധമായ മുന്നോക്ക സംവരണം നടപ്പാക്കുകയും ചെയ്ത് സംസ്ഥാനത്ത് ജാതിമത പ്രീണനം നടത്തുകയാണ് സര്‍ക്കാര്‍. സംവരണവിഭാഗങ്ങളുടെ ജനസംഖ്യയും ഉദ്യോഗസ്ഥ അനുപാതവും പൂഴ്ത്തിവയ്ക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ മേഖലയിലെ ജാതിതിരിച്ച് കണക്ക് പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കരാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ കണക്കും പുറത്തുവിടണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം സംവരണതലത്തില്‍ മാറ്റംവരുത്തേണ്ടത്. ഒരോ കോര്‍പറേഷനും കോടികള്‍ ഫണ്ടും കാബിനറ്റ് റാങ്കും കൊടുക്കുമ്പോള്‍ പട്ടികജാതി വികസന കോര്‍പറഷന് ഈ സര്‍ക്കാര്‍ എന്ത് നല്‍കി. 30 ലക്ഷത്തില്‍ അധികം വരുന്ന ദലിത് ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്ക് ഒരുശതമാനമാണ് സംവരണം. ഇത് നീതിയാണോ. സര്‍ക്കാര്‍ മറുപടി പറയണം. ദേവസ്വം ബോര്‍ഡിലെ ആയിരക്കണക്കിന് സര്‍ക്കാരിന്റെ ശമ്പളക്കാരില്‍ എത്രപേരുണ്ട് സംവരണീയവിഭാഗങ്ങള്‍.

എയ്ഡഡ് സ്ഥാപനങ്ങളില്‍ എത്രയുണ്ട് സംവരണീയര്‍. നീതിയുക്തമാവേണ്ട സര്‍ക്കാര്‍ പൂര്‍ണമായും വ്യതിചലിച്ചിരിക്കുന്നു. വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ സര്‍ക്കാരും പട്ടികജാതിമന്ത്രിയും എന്ത് നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിനോടൊപ്പംനിന്ന സംഘടനകളെ സര്‍ക്കാര്‍ ചതിച്ചു. നവോത്ഥാനസമിതി അപ്രസക്തമായിരിക്കുന്നു. ആയതിനാല്‍ ഈ സമിതി പിരിച്ചുവിടാന്‍ ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനോടും ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാറിനോടും ആവശ്യപ്പെടുകയാണെന്നും എ കെ സജീവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തില്‍ വനിതാ മതിലും സൃഷ്ടിച്ചു. അതിനിടെ, പുതിയ സെക്രട്ടേറിയറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്ത് നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കി.

സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെ പ്രസിഡന്റായും കണ്‍വീനറായ പുന്നല ശ്രീകുമാറിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വിശാല ഹിന്ദു ഐക്യത്തിന് സമിതി തടസ്സമെന്നാരോപിച്ച് നവോത്ഥാന സമിതിയുടെ ജോയിന്റ് കണ്‍വീനറായിരുന്ന സി പി സുഗതന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സമിതി വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തില്‍ പ്രതിഷേധിച്ച് സമിതിയില്‍നിന്ന് വീണ്ടുമൊരു രാജിയുണ്ടായിരിക്കുന്നത്.

Tags:    

Similar News