ഹേമാ കമ്മിറ്റി റിപോര്‍ട്ട്: പുറത്തുവിടാന്‍ പറഞ്ഞ ഭാഗങ്ങള്‍ മറച്ചുവച്ചു; സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍

Update: 2024-08-23 06:55 GMT

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍. പുറത്തുവിടാന്‍ ഉത്തരവിട്ട ഭാഗങ്ങള്‍ പോലും പുറത്തുവിട്ടില്ലെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. വിവരാവകാശ കമ്മീഷണറെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ നടപടിയെന്നത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് സര്‍ക്കാര്‍ മറച്ചുവച്ചത്. വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയെന്നാണ് കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കം ചെയ്തത്. ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ഭാഗങ്ങളാണ് പേജുകളിലുള്ളത്. പ്രമുഖ നടന്‍മാര്‍ ഉള്‍പ്പെടെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

    അതിക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടപ്പോള്‍ ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട പല വിവരങ്ങളും വെട്ടിമാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഉള്‍പ്പെടെ പ്രതിക്കൂട്ടിലാവുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. അതേസമയം തന്നെ, വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദേശിച്ച ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചെങ്കിലും ഇവ ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News