ഹേമാ കമ്മിറ്റി റിപോര്‍ട്ട്: ഹൈക്കോടതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; പൂര്‍ണരൂപം ഹാജരാക്കാന്‍ നിര്‍ദേശം

Update: 2024-08-22 07:42 GMT

കൊച്ചി: മലയാള സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. റിപോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സപ്തംബര്‍ 10ന് കോടതിയില്‍ ഹാജരാക്കണം. മാത്രമല്ല, റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ല. ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതാണ്. റിപോര്‍ട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളാണ്. ഇരകളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അടക്കം പൂര്‍ണ റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, റിപോര്‍ട്ട് അനുസരിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അതിജീവിതരെ എങ്ങനെ സംരക്ഷിക്കാനാവുമെന്നും ചോദിച്ചു. സംസ്ഥാന വനിതാ കമ്മീഷനെ ഹൈക്കോടതി കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്. അതേസമയം, കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കിയവര്‍ പരാതി നല്‍കാത്തതാണ് കേസെടുക്കാത്തതിന് കാരണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.

    നടി ആക്രമിക്കെപ്പെട്ട സംഭവത്തിനു പിന്നാലെ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമാ കമ്മിറ്റി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി നാലര വര്‍ഷത്തിനു ശേഷമാണ് ആഗസ്ത് 19ന് പുറത്തുവിട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളെന്നു പറഞ്ഞ് 60ലേറെ പേജുകള്‍ ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

Tags:    

Similar News