അരുണാചലില്‍ കാണാതായവരെ അറസ്റ്റ് ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍
സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നിനോംഗ് എറിംഗ് ആണ് ആളുകളെ ചൈന തട്ടിക്കൊണ്ടുപോയ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ചില ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, ചൈനയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. മറ്റൊരു പ്രതികരണവും ചൈനീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അരുണാചലിലെ കാടുകളില്‍ വേട്ടയ്ക്ക് പോയവരെയാണ് ചൈനീസ് സൈന്യം പിടികൂടി കൊണ്ടുപോയത്. ചൈനീസ് സൈന്യം അതിര്‍ത്തി മേഖലയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സേരാ സെവന്‍ ഏരിയയിലാണ് സംഭവം. ഈ പ്രദേശം കാട്ടിനുള്ളിലാണ്.
അടുത്തുള്ള ഗ്രാമമായ നാച്ചോയില്‍ നിന്ന് രണ്ട് ദിവസം നടന്നാല്‍ മാത്രമേ ഈ മേഖലയിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നിനോംഗ് എറിംഗ് ആണ് ആളുകളെ ചൈന തട്ടിക്കൊണ്ടുപോയ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. സമാനമായ സംഭവങ്ങള്‍ മേഖലയില്‍ പലപ്പോഴായി നടക്കുന്നുണ്ടെന്നും ഇതിന് തക്കതായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് നീക്കത്തിന് പിന്നിലെന്ന് എംഎല്‍എ നിനോംഗ് എറിംഗ് ട്വീറ്റില്‍ പറഞ്ഞു. കൂടാതെ തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങളും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.