ഗോവയില്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്; സ്ഥാനാര്‍ഥികളെ ഹോട്ടലിലേക്ക് മാറ്റും
എല്ലാ സ്ഥാനാര്‍ത്ഥികളേയും ഹോട്ടലിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. വ്യാഴാഴ്ച വരെ ഇവരെ ഹോട്ടലില്‍ താമസിപ്പിക്കും.
പനാജി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഗോവയില്‍ മുന്‍കരുതല്‍ നടപടികളുമായി കോണ്‍ഗ്രസ്. എല്ലാ സ്ഥാനാര്‍ത്ഥികളേയും ഹോട്ടലിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. വ്യാഴാഴ്ച വരെ ഇവരെ ഹോട്ടലില്‍ താമസിപ്പിക്കും.
ഒരു സ്ഥാനാര്‍ത്ഥിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഒത്തുകൂടുന്നതെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായല്ല സ്ഥാനാര്‍ത്ഥികളെ ഹോട്ടലിക്ക് മാറ്റുന്നതെന്നുമാണ് പി ചിദംബരം നല്‍കുന്ന വിശദീകരണം. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റുകള്‍ നേടിയിട്ടും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. 13 സീറ്റുകള്‍ ലഭിച്ച ബിജെപി സ്വതന്ത്രരുടെ സഹായത്തോടെ അധികാരത്തിലെത്തുകയായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം 15 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയും പ്രതിപക്ഷ നേതാവായിരുന്ന ബാബു കാവ്‌ലേക്കറെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
ഗോവയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും സ്വന്തമായി കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. ടൈംസ് നൗ സര്‍വേ പ്രകാരം 14(ബിജെപി), 16 (കോണ്‍ഗ്രസ്), 0 (തൃണമൂല്‍ കോണ്‍ഗ്രസ്). എബിപി, സീ വോട്ടര്‍: 1317 (ബിജെപി), 1216(കോണ്‍ഗ്രസ്), 49 (തൃണമൂല്‍ കോണ്‍ഗ്രസ്). ന്യൂസ് എക്‌സ്: 17–19(ബിജെപി), 11–13 (കോണ്‍ഗ്രസ്), 0(തൃണമൂല്‍ കോണ്‍ഗ്രസ്). റിപ്പബ്ലിക് ടിവി: 13–17(ബിജെപി), 13–17 (കോണ്‍ഗ്രസ്), 2–4 (തൃണമൂല്‍ കോണ്‍ഗ്രസ്). എന്നിങ്ങനെയാണ് പ്രവചനം. ആകെ 40 സീറ്റുകളാണ് ഗോവയിലുള്ളത്.