പോരാടാന്‍ തയ്യാറായിരുന്നു; പക്ഷേ, റഷ്യക്കാര്‍ മോസ്‌കോയിലേക്ക് കൊണ്ടുപോയി: ബശ്ശാറുല്‍ അസദ്
മോസ്‌കോ: സിറിയയില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം ആദ്യ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. സിറിയ വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് സിറിയ വിട്ടതെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അസദ് നിഷേധിച്ചു. റഷ്യ തന്നെ ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തന്നെ ഒഴിപ്പിച്ചത് എന്നാണ് വിശദീകരിക്കുന്നത്.
ഡിസംബര്‍ എട്ടിന് രാവിലെയാണ് ദമസ്‌കസ് വിട്ടത്. ദമസ്‌കസിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തതിന് പിന്നാലെ ആയിരുന്നു ഇത്. ആദ്യം ലതാകിയ പ്രവിശ്യയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തിലേക്കാണ് മാറിയത്. അവിടെ തുടര്‍ന്നുകൊണ്ട് പോരാടാന്‍ ശ്രമിച്ചു. എന്നാല്‍, സൈനിക കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനുപിന്നാലെ തന്നെ റഷ്യയിലേക്ക് മാറ്റാന്‍ അവര്‍ തീരുമാനമെടുത്തു. രണ്ടു ഘട്ടത്തിലും അധികാരം ഒഴിയുന്നതിനെപ്പറ്റിയോ മറ്റൊരു രാജ്യത്ത് അഭയം തേടുന്നതിനെപ്പറ്റിയോ ചിന്തിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു അഭ്യര്‍ഥനയും ഒരു വ്യക്തിയോടോ സംവിധാനങ്ങളോടോ ഉന്നയിച്ചിട്ടുമില്ല. പോരാട്ടം തുടരാനാണ് ഉറച്ചിരുന്നതെന്നും രാജ്യംവിട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അസദ് അവകാശപ്പെടുന്നു.
രാജ്യംവിടുന്നതിനിടെ അസദ് 2082 കോടിരൂപ മോസ്‌കോയിലേക്ക് കടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അസദിന്റെ ബന്ധുക്കള്‍ ഈ കാലഘട്ടത്തിനിടെ റഷ്യയില്‍ വന്‍തോതില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.