'ഏറ്റവും ശക്തനായ ഹിന്ദുത്വന്‍ ആരാണെന്ന് തെളിയിക്കാനുള്ള മല്‍സരണമാണ് നടക്കുന്നത്'; മമതക്കെതിരേ തുറന്നടിച്ച് ഉവൈസി

Update: 2021-03-31 09:43 GMT

ചെന്നൈ: രാജ്യത്ത് ഹിന്ദുത്വം ശക്തിപ്പെടുകയാണെന്നും ഏറ്റവും ശക്തമായി ഹിന്ദുത്വ ആശയം നടപ്പാക്കുന്നവര്‍ ആരാണെന്ന് തെളിയിക്കാനുള്ള മല്‍സരമാണ് നടക്കുന്നതെന്നും എഐഎംഐഎം നേതാവ് അസദുദ്ധീന്‍ ഉവൈസി. നന്ദീഗ്രാമിലെ റാലിക്കിടെ തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയ മമതയുടെ നടപടിക്കെതിരേയായിരുന്നു ഉവൈസിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയെ ഉവൈസി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായയിരുന്നു.

നരേന്ദ്രമോദിയും മമതയും ഒരെ ആശയമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്‍ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചത്. ഇത് എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്ന് ഉവൈസി ചോദിച്ചു. ഈ ജാതി ഘടനയില്‍ ബംഗാളിലെ 27 ശതമാനം വരുന്ന മുസ് ലിംകള്‍ക്കും 22 ശതമാനം വരുന്ന ദലിതുകള്‍ക്കും സ്ഥാനമില്ലെന്നും ഉവൈസി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെയും ഹിന്ദുത്വത്തിലേക്കാണ് നീങ്ങുന്നത്. ഏറ്റവും നന്നായി ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്ന ആരാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തൃണമൂലും കോണ്‍ഗ്രസ്സും ഉള്‍പ്പടേയുള്ള മതേതര പാര്‍ട്ടികള്‍. ഏറെ അപകടകരമായ സമീപനമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

നന്ദീഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്. പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു.

ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും തന്റെ ഗോത്രത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. 'മാ മതി മനുഷ്' എന്നാണ് നല്‍കിയ മറുപടി. ത്രിപുരയിലെ ത്രിപുരേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൂം ഇതേ ചോദ്യം ഉയര്‍ന്നപ്പോഴും അതേ മറുപടി നല്‍കി. അതേസമയം കടുത്ത നൈരാശ്യത്തില്‍ നിന്നുമാണ് തന്റെ ഗോത്രം മമതയ്ക്ക് വെളിപ്പെടുത്തേണ്ടി വന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. താന്‍ ഒരിക്കലും തന്റെ ഗോത്രം പറയുകയോ അതേക്കുറിച്ച് എഴുതുകയോ ചെയ്തിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന ഭയം വന്നപ്പോള്‍ മമത അക്കാര്യം ചെയ്തു. അപ്പോള്‍ ബംഗാളിലേക്ക് നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നവരും റോഹിംഗ്യകളും ഷാന്‍ഡില്യ ഗോത്രക്കാരാണോ എന്ന മമത പറയണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിമര്‍ശിച്ചു.

Tags:    

Similar News