കെട്ടിടങ്ങള്‍ക്ക് മോടി കൂട്ടാന്‍ ചെലവ് കൂടും; വില വര്‍ധിപ്പിച്ച് ഏഷ്യന്‍ പെയിന്റ്സും പിഡിലൈറ്റും
പുതിയ സാമ്പത്തിക വര്‍ഷത്തോടെ മിക്ക പെയിന്റ് കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്: വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം സംസ്ഥാനത്തെ നിര്‍മാണ മേഖലയെ പിറകോട്ട് വലിക്കുന്നതിനിടെ കൂനിന്മേല്കുരുവായി പെയിന്റ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പെയിന്റുകള്‍ക്ക് വലിയ വിലവര്‍ദ്ധനവ് കമ്പനികള്‍ വരുത്തിയിരുന്നില്ല.സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും കമ്പനികള്‍ വില വര്‍ധന ഒഴിവാക്കിയിരുന്നു.
എന്നാല്‍, പുതിയ സാമ്പത്തിക വര്‍ഷത്തോടെ മിക്ക പെയിന്റ് കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടുണ്ട്.എമല്‍ഷനുകള്‍ മെയ് ആദ്യവാരത്തില്‍ തന്നെ മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ് വില കൂട്ടിയത്. വുഡ് കോട്ടിങ്ങുകളുടെ വില ജൂണില്‍ ആറ് മുതല്‍ ഒമ്പത് ശതമാനം വരെ കൂട്ടിയിട്ടുണ്ട്. മറ്റ് ഉത്പന്നങ്ങളുടെ വില ഉടന്‍ കൂടുമെന്നാണ് വിവരം.
വാട്ടര്‍ പ്രൂഫിങ് ഉത്പന്നങ്ങളുടെ വില ജൂലായ് മാസത്തില്‍ കൂട്ടാനാണ് പെയിന്റ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. എക്കോണമി എമല്‍ഷനുകളുടേയും പ്രൈമറുകളുടേയും വിലയും ജൂലൈയില്‍ കൂട്ടുമെന്നാണ് റിപോര്‍ട്ടുകള്‍. പെയിന്റും അനുബന്ധ ഉത്പനങ്ങളുടേയും നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
ടൈറ്റാനിയം ഡയോക്സൈഡ്, ക്രൂഡ് അടിസ്ഥാനമായ മോണോമെറുകള്‍ എന്നിവയുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ 15 മുതല്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. പെയിന്റ് വിപണിയിലെ വമ്പന്മാരായ ഏഷ്യന്‍ പെയിന്റ്സ് തങ്ങളുടെ എല്ലാ വിഭാഗത്തിലും ഉള്ള ഉത്പന്നങ്ങളുടേയും വില ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്. ശരാശരി 1.5 മുതല്‍ 2 ശതമാനം വരെയാണ് വില കൂട്ടിയിട്ടുള്ളത്. വുഡ് ഫിനിഷ് വിഭാഗത്തില്‍ കഴിഞ്ഞ മാസം ഇവര്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ ആണ് വില കൂട്ടിയിട്ടുള്ളത്.
പെയിന്റിങ്ങില്‍ ഒഴിവാക്കാനാവാത്തവയാണ് അഡെസീവ്സ്. പ്രമുഖ അഡെസീവ് നിര്‍മാതാക്കളായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ആവശ്യമെങ്കില്‍ ഇനിയും വില കൂട്ടേണ്ടി വരും എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഉത്പാദനത്തിന് ആവശ്യമായ വിനൈല്‍ അസെറ്റേറ്റ് മോണോമെറിന്റെ വില 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഒരു ടണ്ണിന് 925 ഡോളര്‍ ആയിരുന്നു. ഇപ്പോഴത് 2,000 ഡോളര്‍ ആയാണ് ഉയര്‍ന്നിട്ടുള്ളത്.
ഇപ്പോഴുണ്ടായ വില വര്‍ദ്ധനയില്‍ അവസാനിക്കില്ല കാര്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. അസംസ്കൃത വസ്തുക്കളുടെ വില ഇനിയും കൂടാനാണ് സാധ്യത. അത് ഉത്പാദന ചെലവ് കൂട്ടുമ്പോള്‍ സ്വാഭാവികമായും വില വീണ്ടും കൂട്ടേണ്ടിവരും.