വേഗതകുറച്ച് ഓടിക്കണമെന്ന് ആവശ്യപ്പെട്ടതിന് ആള്‍കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി; രണ്ടു പേര്‍ മരിച്ചു
സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു. ഇരുവരും രാവിലെ വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് സംഭവം.
ചണ്ഡീഗഡ്: വിവാഹ സല്‍ക്കാരത്തിനിടെ അഞ്ച് പേര്‍ക്കിടയിലേക്ക് യുവാവ് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരുസ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ നിലോഖേരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു. ഇരുവരും രാവിലെ വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് സംഭവം.
അജയ് എന്നയാളാണ് കാര്‍ ഓടിച്ചുകയറ്റിയത്. ഇയാള്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് പതിവാണ്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കള്‍ അജയ്‌യോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതനായ അജയ്, കാര്‍ പിന്നോട്ട് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
'അജയ്‌യോട് ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അജയ്യുടെ അച്ഛന്‍, അജയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ വാഹനമോടിക്കുമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ അഞ്ചുപേര്‍ക്കിടയിലേക്ക് അജയ് കാര്‍ ഒടിച്ചുകയറ്റി.' മരിച്ച സ്ത്രീയുടെ ബന്ധു വിജയ് കുമാര്‍ പറഞ്ഞു. അജയ്ക്കും പിതാവിനുമെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലിസ് പറഞ്ഞു.
അജയ്‌യെ പിടികൂടാന്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.