വിവാഹമോചനം ഇന്നൊരു വാര്‍ത്തയേയല്ല. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹിതരായവര്‍ പോലും മാസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാറുണ്ട്. എന്നാല്‍, കുവൈത്തിലെ ഒരു വിവാഹമോചനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുള്ളത്. വെറും മൂന്നു മിനുട്ടിലാണ് ദമ്പതികള്‍ പിരിഞ്ഞത്. അതിന്റെ കാരണം കൂടി അറിയണ്ടേ. കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹമാണ് ഇതെന്നാണ് പറയപ്പെടുന്നത്. വിവാഹ ചടങ്ങ് കഴിഞ്ഞ് കോടതിയില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ വരന്‍ വധുവിനെ അപമാനിച്ചതാണ് അതിവേഗം വിവാഹമോചനത്തില്‍ കലാശിച്ചത്. വിവാഹത്തിന്റെ ഔപചാരിക നടപടിക്രമങ്ങള്‍ക്കു ശേഷം, ദമ്പതികള്‍ കോടതിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ വധു കാല്‍തെന്നി മറിഞ്ഞുവീണു. ഈസമയം വധുവിനെ ഭര്‍ത്താവ് സ്റ്റുപ്പിഡ് എന്ന് വിളിച്ചതാണ് പ്രശ്‌നമായത്. മന്ദബുന്ദി അല്ലെങ്കില്‍ വിവരമില്ലാത്തവള്‍ എന്നു വിളിച്ചത് യുവതിക്ക് സഹിച്ചില്ല. തനിക്ക് ഉടന്‍ വിവാഹമോചനം വേണമെന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു. ജഡ്ജിയാവട്ടെ അത് സമ്മതിക്കുകയും മൂന്നുമിനുട്ട് കൊണ്ട് വിവാഹം റദ്ദാക്കുകയും ചെയ്തു. എന്നാല്‍, 2019ലാണ് സംഭവം നടന്നതത്രേ. മോഡലും രചയിതാവും പോഡ്കാസ്റ്റ് ഹോസ്റ്റുമായ എമിലി റതജ്‌കോവ്‌സ്‌കി വിവാഹമോചനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് മൂന്നുമിനുട്ടിലെ വിവാഹമോചനം വീണ്ടും ചര്‍ച്ചയായത്. ഇന്‍ഡി100 നല്‍കിയ വാര്‍ത്തയിലെ കൗതുകം തോന്നിയിട്ടാവാം ഒട്ടുമിക്ക ദേശീയമാധ്യമങ്ങളും പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ബന്ധങ്ങളില്‍ പരസ്പര ബഹുമാനത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ് എക്‌സില്‍ പലരും ചര്‍ച്ച ചെയ്തത്. 'ഞാന്‍ ഒരു വിവാഹത്തിന് പോയി. വരന്‍ തന്റെ ഭാര്യയെ പരിഹസിച്ചുകൊണ്ട് അവളുടെ പിതാവിനെപ്പോലെ സംസാരിച്ചു. അവളും ഇങ്ങനെ ചെയ്യണമായിരുന്നുവെന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. ഒരു ബഹുമാനവുമില്ലാത്ത ദാമ്പത്യം ആദ്യം മുതല്‍ പരാജയപ്പെട്ടതാണെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. തുടക്കത്തില്‍ തന്നെ അവന്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ അവനെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 2004ല്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക്‌പോര്‍ട്ട് രജിസ്റ്റര്‍ ഓഫിസില്‍ നടന്ന വിവാഹത്തിന് 90 മിനിറ്റായിരുന്നു ദൈര്‍ഘ്യം. ദമ്പതികളായ സ്‌കോട്ട് മക്കിയും വിക്ടോറിയ ആന്‍ഡേഴ്‌സനുമാണ് അന്ന് വിവാഹമോചനം നേടിയത്.
Shortest marriage ever: Kuwaiti couple divorces just 3 minutes after wedding