മോദിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചാല്‍ കൊല്ലും; വിദ്യാര്‍ഥി നേതാവിന് വധഭീഷണി
പൗരത്വ വിരുദ്ധ(ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിലും പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിനു വനിതാ ആക്റ്റിവിസ്റ്റിനു വധഭീഷണി. അസമിലെ സാമൂഹിക പ്രവര്‍ത്തകയും ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ഥി യൂനിയന്‍(എഎഎംഎസ് യു) ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഹസീന അഹമ്മദിനു വധഭീഷണിയുണ്ടായത്. പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ശനിയാഴ്ച വൈകീട്ട് രണ്ടു നമ്പറുകളില്‍ നിന്ന് അജ്ഞാതരുടെ വധഭീഷണിയുണ്ടായതെന്ന് ഹസീന അഹമ്മദ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
അസമിലെ നല്‍ബാരി ജില്ലയിലെ മുകല്‍മുവ പോലിസ് സ്‌റ്റേഷന് കീഴിലുള്ള ദൗലാഷല്‍ പോലിസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ജൂലൈ 4ന് വൈകീട്ട് അജ്ഞാതരായ ചിലര്‍ ഫോണില്‍ വിളിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഭാവിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രധാനമന്ത്രി ഈയിടെ നടത്തിയ ലഡാക്ക് സന്ദര്‍ശനത്തെക്കുറിച്ച് ഹസീന അഹമ്മദ് ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ ഐപിസി 294, 506 വകുപ്പുകള്‍ പ്രകാരമാണ് അജ്ഞാതര്‍ക്കെതിരേ പോലിസ് കേസെടുത്തതെന്ന് പോലിസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ബിപുല്‍ സൈകിയ ദി വയറിനോട് പറഞ്ഞു. പോലിസ് ഇക്കാര്യം അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ ബിരുദധാരിയായ ഹസീന അഹമ്മദ് ഈയിടെ ഡല്‍ഹിയിലെ സ്വകാര്യ സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഈയിടെ നടന്ന പൗരത്വ വിരുദ്ധ(ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിലും പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
എന്നാല്‍, എനിക്ക് ഇത്തരം ഭീഷണികള്‍ ലഭിക്കുന്നത് ഇതാദ്യമല്ലെന്നും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ സമയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഹസീന അഹമ്മദ് പറഞ്ഞു. വിമര്‍ശനം തുടരുകയാണെങ്കില്‍ എന്നെ കൊല്ലുമെന്നാണ് അവരുടെ ഭീഷണി. വിളിച്ച രണ്ടുപേരും അസമീസ് ഭാഷയിലാണ് സംസാരിച്ചത്. ഒരാള്‍ അസമില്‍ നിന്നും മറ്റൊരാള്‍ വേറെ എവിടെ നിന്നുമോ മറ്റോ ആണ് വിളിച്ചതെന്നും യുവതി പറഞ്ഞു. ഭീഷണികളുടെ പശ്ചാത്തലത്തില്‍ തന്റെ ആക്റ്റിവിസം തുടരുമോ എന്ന ചോദ്യത്തിനു അത്തരം ഭീഷണികളെ ഭയപ്പെടാത്തതിനാല്‍ ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നായിരുന്നു ഹസീനയുടെ മറുപടി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്? ഇത് ഞങ്ങളുടെ മൗലികാവകാശങ്ങളുടെ ഭാഗമല്ലേ?. എനിക്ക് ആശങ്കയുണ്ട്. സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ലഫിക്കുല്‍ ഇസ്‌ലാമിന്റെ വിധി നേരിടേണ്ടിവരുമെന്നാണ് ഒരാള്‍ പറഞ്ഞതെന്നും ഹസീന അഹമ്മദ് പറഞ്ഞു. പോലിസ് പരാതി ഗൗരവമായി എടുത്തിട്ടുണ്ട്. അവര്‍ എന്റെ വീട് സന്ദര്‍ശിച്ച് മൊഴിയെടുത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓള്‍ ബോഡോലാന്റ് ന്യൂനപക്ഷ സ്റ്റുഡന്റ്‌സ് യൂനിയന്‍(എബിഎംഎസ്‌യു) പ്രസിഡന്റായ് ലഫീഖുല്‍ ഇസ് ലാം അസമിലെ കൊക്രാജര്‍ ജില്ലയില്‍ 2017 ആഗസ്ത് ഒന്നിനാണ് കൊല്ലപ്പെട്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും ഹിന്ദുത്വ ശക്തികളെയും നിശിതമായി വിമര്‍ശിച്ചിരുന്ന ലഫീഖുല്‍ ഇസ് ലാമിനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ എകെ 47 ഉപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. സംസ്ഥാന പോലിസ് കേസന്വേഷണത്തിനു പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിച്ചെങ്കിലും എബിഎംഎസ്‌യുവിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് സിബിഐയ്ക്കു കൈമാറി. എന്നാല്‍, കൊലപാതകം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. അതേസമയം, ഹസീന അഹമ്മദിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സംഖ്യലഘു സംഗ്രം പരിഷത്ത്, ടീ ട്രൈബ് ഓര്‍ഗനൈസേഷന്‍, നാരി ശക്തി ഓര്‍ഗനൈസേഷന്‍, നിരവധി ബുദ്ധിജീവികള്‍ എന്നിവരാണ് പിന്തുണയുമായി രംഗത്തുള്ളത്.
Assam: Activist Allegedly Receives Death Threat for Criticising Modi on Social Media