അസം: മുസ്‌ലിംകളെ പാട്ടിലാക്കാന്‍ അഞ്ചു പേരെ ഉള്‍പ്പെടുത്തി ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക
സംസ്ഥാനത്ത് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ഇടംനല്‍കിയാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 17 പേരാണ് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
ന്യൂഡല്‍ഹി: പല മണ്ഡങ്ങളിലേയും ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ മുസ്‌ലിംകളെ പാട്ടിലാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് അസം ബിജെപി. സംസ്ഥാനത്ത് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ഇടംനല്‍കിയാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 17 പേരാണ് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
അസമീസ് സ്വത്വത്തെ ചോദ്യം ചെയ്യാത്ത, ഇന്ത്യയെയും അസമിനെയും മാതൃരാജ്യമായി പരിഗണിക്കുന്ന, വൈഷ്ണവ സന്യാസി ശ്രീമന്ത ശങ്കര്‍ദേവയെയും അഹോം ജനറല്‍ ലചിത് ബോര്‍ഫുകാനെയും ബഹുമാനിക്കുന്ന മുസ്‌ലിംകളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സൂചന നല്‍കിയിരുന്നു.
സംസ്ഥാനത്തെ 126 സീറ്റുകളില്‍ 92ലും ബിജെപിയാണ് മത്സരിക്കുന്നത്. സഖ്യ കക്ഷിയായ എജിപി 26 സീറ്റുകളിലും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) എട്ട് സീറ്റുകളിലും മത്സരിക്കും.ബിജെപി മൂന്നാംഘട്ട പട്ടികയില്‍ ധര്‍മ്മപൂരില്‍ നിന്നുള്ള സംസ്ഥാന മന്ത്രി ചന്ദ്രമോഹന്‍ പട്ടോവറിയുടെ പേരും ഹജോയില്‍ നിന്നുള്ള സുമന്‍ ഹരിപ്രിയയും ബാഗ്ബാറില്‍ നിന്നുള്ള ഹസിനാര ഖാത്തുനും ഉള്‍പ്പെട്ടിട്ടുണ്ട്.
17 പേരുകള്‍ പരിഗണനയിലാണെന്നും 'പാര്‍ട്ടി നേതാവ് ജെപി നദ്ദ അധ്യക്ഷതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ തുടങ്ങിയവര്‍ അടങ്ങിയ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.
അതുല്‍ ബോറ (ദിസ്പൂര്‍), ഹേമംഗ് താക്കൂറിയ (പാലസ്ബാരി), ഷാഹിദുല്‍ ഇസ്‌ലാം (ജാനിയ), ശങ്കര്‍ ചന്ദ്രദാസ് (സോര്‍ബോഗ്), ഉസ്മാന്‍ ഗോണി (ജലേശ്വര്‍), ശ്യാംജിത് റാബ (ദുദ്‌നായി), അജയ് കുമാര്‍ റോയ് (ബിജിനി), അശോക് സിംഘി (ബിലാസ്പറ ഈസ്റ്റ്), ഡോ. അബുബക്കര്‍ സിദ്ദിഖ് (ബിലാസ്പറ വെസ്റ്റ്), അശ്വിനി റോയ് സര്‍ക്കാര്‍ (ഗോലക്ഗഞ്ച്),ഡോ. ഡെബാമോയ് സന്യാല്‍ (ദുബ്രി), ആഷാദുല്‍ ഇസ്ലാം (സല്‍മര സൗത്ത്), നാരായണ ദേക (ബാര്‍ഖേത്രി), സിദ്ധാര്‍ത്ഥ ഭട്ടാചാര്‍ജി (ഗുവാഹട്ടി ഈസ്റ്റ്) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ പോളിങ് നടക്കുന്നത്. ആദ്യഘട്ടം മാര്‍ച്ച് 27നും ഏപ്രില്‍ 1ന് രണ്ടാംഘട്ടവും ഏപ്രില്‍ 6ന് മൂന്നാംഘട്ടവും നടക്കും. മെയ് രണ്ടിന് ഫലം അറിയാം.