അസമില്‍ മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍: സ്വതന്ത്ര അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
ന്യൂഡല്‍ഹി: അസം ധോല്‍പൂരില്‍ മുസ്‌ലിം കുടുംബങ്ങളെ കൂട്ടത്തോടെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. അസമിലെ കുടിയൊഴിപ്പിക്കല്‍ നടപടിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ അസം സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എട്ടാഴ്ചയ്ക്കകം ബന്ധപ്പെട്ട് അധികാരികള്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് അസം പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം നല്‍കിയ ഹരജിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേസിന്റെ ഭാഗമായി അഭിഭാഷകനായ അലി സെയ്ദിയാണ് കമ്മീഷന്റെ ബെഞ്ചില്‍ ഹാജരായത്.
ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. 2021 സെപ്തംബര്‍ 20, 23 തിയ്യതികളില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദാരംഗ് ജില്ലയിലെ സിപജ്ഹര്‍ പ്രദേശത്ത് പോലിസ് നടത്തിയ നരനായാട്ടില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദല്‍പൂര്‍ ഒന്ന്, രണ്ട്, മൂന്ന് വില്ലേജുകളില്‍ കുടിയൊഴിപ്പിക്കല്‍ മൂലം ദുരിതമനുഭവിക്കുന്ന ആളുകളുടെ പുനരധിവാസം ഉടനടി പൂര്‍ത്തിയാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
അക്രമത്തില്‍ ഉള്‍പ്പെട്ട അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കേണ്ട സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ അവഹേളനമാണ് ജനങ്ങള്‍ക്ക് നേരെയുണ്ടായത്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരേ പോലിസ് നടത്തിയ അതിക്രമം ചെറുത്ത പ്രദേശവാസിയായ മൊയ്‌നുല്‍ ഹഖിനെ പോലിസ് വെടിവച്ചുകൊന്നതും മൃതദേഹത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചാടിച്ചവിട്ടിയതും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോലിസിന്റെ അപ്രതീക്ഷിതമായ കുടിയൊഴിപ്പിക്കല്‍ നടപടിയിലെ ക്രൂരത ധോല്‍പൂരിലെ ജനങ്ങള്‍ തങ്ങളോട് സാക്ഷ്യപ്പെടുത്തിയതായും അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു.
പ്രദേശത്തുനിന്ന് വേരോടെ പിഴുതെറിയപ്പെട്ട കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് അറിയണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധോല്‍പുരില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെയാണ് പ്രകോപനമില്ലാതെ പോലിസ് വെടിയുതിര്‍ത്തത്. ഇതിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് ഇവിടത്തെ താമസക്കാരില്‍ അധികവും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ മഴയില്‍നിന്ന് രക്ഷനേടാന്‍ താല്‍ക്കാലിക കൂരകളില്‍ അഭയംതേടിയ വീഡിയോ പുറത്തുവന്നിരുന്നു. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.