അസം കൂട്ടക്കുരുതി: ട്വിറ്ററില്‍ ട്രന്റായി #മൊയ്‌നുല്‍ ഹഖ് ഒരു ഹീറോ; രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് നെറ്റിസണ്‍സ്

വെടിയേറ്റ് മരിച്ചുവീണ മൊയ്‌നുല്‍ ഹഖിന്റെ ജീവനറ്റ ശരീരത്തെ സര്‍ക്കാര്‍ ക്യാമറാമാന്‍ ചവിട്ടി മെതിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Update: 2021-09-27 16:32 GMT
ന്യൂഡല്‍ഹി: കുടിയൊഴിപ്പിക്കലിന്റെ മറവില്‍ ഈ മാസം 23നാണ് പറക്കമുറ്റാത്ത മൂന്നു കുട്ടികളുടെ പിതാവായ മൊയ്‌നുല്‍ ഹഖ് എന്ന മുസ്‌ലിം യുവാവിനെ ഇട നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് അസം പോലിസ് കൊലപ്പെടുത്തിയത്.

ഒഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച പെണ്‍കുട്ടിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച പോലിസുകാരെ കൈയില്‍കിട്ടിയ ചുള്ളിക്കമ്പുമായി ഓടിക്കാന്‍ ശ്രമിച്ച മൊയ്‌നുല്‍ ഹഖിനു നേരെ പോലിസ് നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് മരിച്ചുവീണ മൊയ്‌നുല്‍ ഹഖിന്റെ ജീവനറ്റ ശരീരത്തെ സര്‍ക്കാര്‍ ക്യാമറാമാന്‍ ചവിട്ടി മെതിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലിസിന്റേയും കാമറാമാന്റേയും നടപടികള്‍ക്കെതിരേ രാജ്യാന്തരതലത്തില്‍നിന്നു പോലും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അസം സര്‍ക്കാറിന്റെ കുടിയൊഴിപ്പിക്കല്‍ ദൗത്യത്തില്‍ ഗ്രാമത്തിലെ നിര്‍ദ്ദനരും നിരാലംബരുമായ താമസക്കാര്‍ തങ്ങളുടെ വീടുകളും പള്ളികളും പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഇതിനിടെ പോലിസുകാര്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ട് തല്ലുന്നത് മൊയ്‌നുല്‍ ഹഖിന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനോടകം മൊയ്‌നുല്‍ ഹഖിന്റെ ഭവനം പൊളിച്ചുമാറ്റിയിരുന്നു. ക്ഷുഭിതനായ മൊയ്‌നുല്‍ ഹഖ് കൈയില്‍ കിട്ടിയ മരക്കമ്പുമായി പോലിസിനെ ഓടിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പോലിസുകാര്‍ കൂട്ടംചേര്‍ന്ന് ഹഖിനെ വെടിവച്ച് വീഴ്ത്തിയത്.

'മൊയ്‌നുള്‍ ഒരു ഹീറോ ആയിരുന്നു' -അഭിഭാഷകനായ അമന്‍ വദൂദ് ട്വീറ്റ് ചെയ്തു. നിരവധി പേരാണ് അദ്ദേഹത്തെ ഹീറോ എന്ന് വിശേഷിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

അതിനിടെ, അദ്ദേഹത്തെ രക്തസാക്ഷിയെന്ന് വാഴ്ത്തിയും നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഷഹീദ് മൊയ്‌നുല്‍ ഹഖ് സാഹിബിന്റെ പ്രിയപ്പെട്ടവര്‍ക്ക് അല്ലാഹു ശക്തി നല്‍കട്ടെ എന്നാണ് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന് ഉവൈസി ട്വീറ്റ് ചെയ്തത്.

 

Tags:    

Similar News