അസം: ആറു വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് പൗരത്വം തെളിയിക്കാന്‍ നോട്ടിസ്

2016ല്‍ മരിച്ച ശ്യമ ചരണ്‍ ദാസിനോടാണ് മാര്‍ച്ച് 30ന് മുന്‍പ് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടത്.

Update: 2022-03-23 13:40 GMT

ഗുവാഹത്തി: ആറു വര്‍ഷം മുമ്പ് മരണപ്പെട്ട വ്യക്തിക്ക് പൗരത്വം തെളിയിക്കാന്‍ നോട്ടിസ് അയച്ച് അസം വിദേശകാര്യ ട്രിബൂണല്‍. 2016ല്‍ മരിച്ച ശ്യമ ചരണ്‍ ദാസിനോടാണ് മാര്‍ച്ച് 30ന് മുന്‍പ് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ട്രൈബൂണല്‍ ഉത്തരവിട്ടത്. മാര്‍ച്ച് 15നാണ് നോട്ടിസ് അയച്ചത്. 2016 സെപ്റ്റംബര്‍ 23ന് ദാസിന്റെ കുടുംബം മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടര്‍ന്ന് ഇതേ കോടതി അദ്ദേഹത്തിന്റെ പൗരത്വം സംബന്ധിച്ച കേസ് അവസാനിപ്പിച്ചിരുന്നു. അസം സര്‍ക്കാര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ് പ്രകാരം ദാസ് 2016 മെയ് ആറിന് 74ാം വയസ്സില്‍ മരിച്ചു.

ഈ വര്‍ഷം ആദ്യം, രേഖകളില്ലാത്ത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ബോര്‍ഡര്‍ പോലിസ് ദാസിനെതിരേ പുതിയ കേസ് ഫയല്‍ ചെയ്തതോടെയാണ് ട്രൈബ്യൂണല്‍ കോടതി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

ട്രൈബ്യൂണല്‍ നോട്ടിസ് പ്രകാരം 1966 ജനുവരി 1നും 1973 മാര്‍ച്ച് 23നും ഇടയില്‍ സാധുവായ രേഖകളൊന്നുമില്ലാതെ ദാസ് അസമില്‍ പ്രവേശിച്ചെന്നും സില്‍ച്ചാറില്‍ താമസം ആരംഭിച്ചെന്നുമാണ് പോലിസ് ആരോപണം. തുടര്‍ന്ന്് കുടുംബം പരാതിയുമായി മുന്നോട്ട് വന്നതോടെ വിഷയം അന്വേഷിക്കുമെന്ന് പോലിസ് സൂപ്രണ്ട് (ബോര്‍ഡര്‍) രമണ്‍ദീപ് കൗര്‍ പറഞ്ഞു. തന്റെ പിതാവിന് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നിട്ടും തന്റെ കുടുംബം വര്‍ഷങ്ങളോളം കോടതിയില്‍ കയറിയിറങ്ങേണ്ടി വന്നതായി ദാസിന്റെ മകള്‍ ബേബി ദാസ് പറഞ്ഞു.

Tags:    

Similar News