ഗുഹാവത്തി: ലോകത്തെ മുള്‍മുനയിലാക്കിയ കൊറോണ വൈറസില്‍ നിന്നു രക്ഷിക്കാന്‍ കൊറോണ ദേവീ പൂജയുമായി അസമിലെ ഒരു കൂട്ടം സ്ത്രീകള്‍ രംഗത്ത്. കൊറോണ ദേവിയെ പൂജിച്ചാല്‍ കാറ്റ് വന്ന് കൊറോണയെ നശിപ്പിക്കുമെന്ന അന്ധവിശ്വാസം കാരണമാണ് ഒരുകൂട്ടം സ്ത്രീകള്‍ പൂജ നടത്തിയത്. ബിശ്വനാഥ് ചരിയാലി മുതല്‍ ദാരങ് ജില്ല വരെയും കൊറോണ ദേവി പൂജ നടത്തി. ഗുവാഹത്തിയിലും പൂജ നടന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം ദേവീ പൂജയാണെന്നാണ് പൂജ നടത്തുന്നവര്‍ പറയുന്നത്.
ബിശ്വനാഥ് ചരിയാലിയില്‍ ഒരു കൂട്ടം സ്ത്രീകള്‍ ശനിയാഴ്ച ഒരു നദിയുടെ തീരത്ത് 'കൊറോണ ദേവി പൂജ' നടത്തിയിരുന്നു. ഞങ്ങള്‍ കൊറോണ മാ പൂജയാണ് നടത്തുന്നതെന്നും പൂജയ്ക്കു ശേഷം കാറ്റ് വന്ന് വൈറസിനെ നശിപ്പിക്കുമെന്നുമാണ് ഒരു സ്ത്രീ പറഞ്ഞത്.