വെടിയുതിര്‍ത്ത മിസോറം പോലിസുകാരുടെ ഫോട്ടോഗ്യാലറി തയ്യാറാക്കി അസം പോലിസ്; വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ

26ന് അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് പോലിസുകാരും ഒരു സിവിലിയനും ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Update: 2021-07-29 05:33 GMT

ഗുവാഹത്തി: ഈ മാസം 26നുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിനിടെ തങ്ങളുടെ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വെടിയുതിര്‍ത്ത മിസോറം പോലിസുകാരുടേയും 'അക്രമി'കളുടെയും ഫോട്ടോഗ്യാലറി തയ്യാറാക്കി അസം പോലിസ്.

അസം-മിസോറാം അതിര്‍ത്തിയിലെ വെടിവയ്പില്‍ ആറ് പേരെ നഷ്ടപ്പെട്ട അസം പോലിസ്, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26ന് അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് പോലിസുകാരും ഒരു സിവിലിയനും ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ സംഭവത്തില്‍ കാച്ചര്‍ ജില്ലാ പോലിസ് സൂപ്രണ്ടിനും പരിക്കേറ്റു. 2021 ജൂലൈ 26ന് അസം പോലിസ് ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.

പോലിസ് ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ധോലായ് പോലിസ് സ്‌റ്റേഷനില്‍ 302 (കൊലപാതകം) ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി അസം പോലിസ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ജിപി സിംഗ് അറിയിച്ചു.

അസം പോലിസിനു നേരെ വെടിയുതിര്‍ത്ത മിസോറം പോലിസ് ഉദ്യോഗസ്ഥരുടേയും സിവിലിയന്‍ അക്രമികളുടേയും ഒരു ഫോട്ടോ ഗാലറി അസം പോലിസ് തയ്യാറാക്കിയിട്ടുണ്ട്. അവരെ നിയമത്തിന് കൊണ്ടുവരുമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

അതിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, പോലിസുകാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയെ (സിആര്‍പിഎഫ്) വിന്യസിച്ചിട്ടുണ്ട്.അതിര്‍ത്തി തര്‍ക്കങ്ങളില്‍ അസം, മിസോറം സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്.

Tags:    

Similar News