ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കുന്നതായി റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്നംഗ സംഘം തമിഴ്നാട്, കേരളം, പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ പര്യടനം നടത്തിയതിനുശേഷമായിരിക്കും തിയതികള്‍ പ്രഖ്യാപിക്കുക.
ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ തീയതി പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതല്‍ എട്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. ആസാമില്‍ രണ്ട് മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താന്‍ സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ഒരേ ദിവസം വോട്ടുകള്‍ എണ്ണപ്പെടും.പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ നടാക്കാനുള്ളതിനാല്‍ മേയ് ഒന്നിന് മുന്പ് എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.