നിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫിനു സമീപമാണ് ഇനി അന്‍വറിന്റെ സ്ഥാനം. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കുമ്പോള്‍ സഭ പ്രക്ഷുബ്ധമാവുമെന്നാണ് കരുതുന്നത്. പ്രധാനമായും എഡിജിപി എംആര്‍ അജിത് കുമാറിനു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരേ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളാണ് നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുക. കൂടാതെ വയനാട് ദുരന്തം, മലപ്പുറം ജില്ലയെ ദേശവിരുദ്ധമാക്കാനുള്ള ശ്രമം തുടങ്ങിയവയെല്ലാം പ്രതിപക്ഷം ആയുധമാക്കും.
നേരത്തേ, അന്‍വറിന് നിലത്തിരിക്കേണ്ടി വരുമെന്ന ആക്ഷേപത്തോട് സ്പീക്കര്‍ എ എന്‍ ശംസീര്‍ സഭയില്‍ 250 പേര്‍ക്ക് ഇരിക്കാന്‍ ഇരിപ്പടമുള്ളപ്പോള്‍ എന്തിന് നിലത്തിരിക്കണമെന്നാണ് മറുപടി നല്‍കിയത്. അന്‍വര്‍ വിഷയത്തില്‍ ആരെങ്കിലും കത്ത് തന്നാല്‍ വിഷയം അപ്പോള്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സഭ പിരിയും. പിന്നീടുള്ള എട്ടില്‍ ആറു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും അടുത്ത രണ്ടുദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായാണ് നീക്കിവച്ചത്. ഒക്ടോബര്‍ 18നാണ് സഭ സെഷന്‍ പിരിയുക.