സുരക്ഷാ ഭീതി; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മണിപ്പൂരിലെ 10 എംഎല്‍എമാര്‍
ന്യൂഡല്‍ഹി: മാസങ്ങളായി സംഘര്‍ഷവും ആക്രമണവും തുടരുന്ന മണിപ്പൂരില്‍ ആഗസ്ത് 21 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാണിച്ച് മണിപ്പൂരിലെ പത്ത് ഗോത്രവര്‍ഗ എംഎല്‍എമാര്‍ രംഗത്ത്. മെയ്‌തെയ് ആധിപത്യമുള്ള ഇംഫാലില്‍ നിയമസഭാ നടക്കുന്ന സമ്മേളനത്തിനെത്തുന്നതില്‍ സുരക്ഷാ ഭീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിട്ടുനില്‍ക്കുമെന്ന് അറിയിച്ച 10 എംഎല്‍എമാരില്‍ ഏഴ് പേര്‍ ബിജെപി എംഎല്‍എമാരാണ്. നേരത്തെയും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി അധികാരികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നെങ്കിലും കാര്യക്ഷമമായ നടപടിയെടുത്തിരുന്നില്ല. മാത്രമല്ല, മെയ്‌തെയ്കളുടെ ആക്രമണത്തില്‍ കുക്കി ഗോഗ്രവിഭാഗത്തില്‍പ്പെട്ട ബിജെപി എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോവുകയും ചെയ്തിരുന്നു.
സംഘര്‍ഷം വ്യാപിക്കുമ്പോള്‍ തന്നെ അഞ്ച് മലയോര ജില്ലകളില്‍ ചീഫ് സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് അല്ലെങ്കില്‍ അതിന് തുല്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കിയിരുന്നു. കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇംഫാലിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിക്കായി പോലും എത്താന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇംഫാലില്‍ നിയമിക്കപ്പെട്ട കുക്കി വിഭാഗക്കാരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു പോലും സുരക്ഷാ ഭീഷണിയുണ്ടെന്നും ഇംഫാല്‍ താഴ് വര മരണത്തിന്റെ താഴ് വരയായി മാറിയെന്നും നിവേദകസംഘം ചൂണ്ടിക്കാട്ടിയിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് കാണിച്ച ഉദാസീനതയെയും എംഎല്‍എമാര്‍ വിമര്‍ശിച്ചിരുന്നു. ആഗസ്ത് 21ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിന്റെ പ്രദേശിക അഖണ്ഡത കാത്തുസൂക്ഷിക്കാനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ മൂന്ന് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം താരതമ്യേന കുറഞ്ഞ ഉക്‌റുല്‍ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിയിലാണ് വെള്ളിയാഴ്ച വെടിവയ്പുണ്ടായത്. വെടിവയ്പില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.