ഡ്രോണ്‍, റോക്കറ്റ് ആക്രമണത്തിന് പിന്നാലെ വെടിവയ്പ്; മണിപ്പൂരില്‍ അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടു
17 മാസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാനത്ത് ആദ്യമായി റോക്കറ്റ് ഉപയോഗിച്ചത് വെള്ളിയാഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച് ആറ് ദിവസത്തിന് ശേഷമാണ് റോക്കറ്റ് ആക്രമണം. കുക്കി സായുധര്‍ ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഇംഫാല്‍: കഴിഞ്ഞ ഒന്നര വര്‍ഷമായി സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. മൂന്നുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസമായി സ്ഥിതിഗതികള്‍ അങ്ങേയറ്റം സംഘര്‍ഷഭരിതമാണ്. ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് വെടിവയ്പ് തുടരുന്നത്. ജിരിബാം ജില്ലയിലുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബിഷ്ണുപൂരിലെ രണ്ട് സ്ഥലങ്ങളിലാണ് റോക്കറ്റാക്രമണമുണ്ടായത്. ഇതില്‍ ഒരു വയോധികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പിറ്റേന്നാണ് വെടിവയ്പും കൊലപാതകവും തുടരുന്നത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ കുക്കി സായുധ വിഭാഗമാണെന്നാണ് റിപോര്‍ട്ട്. സപ്തംബര്‍ ആറിന് മണിപ്പൂരിലെ മൊയ്‌റാംഗിലാണ് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.
സായുധസംഘം പുലര്‍ച്ചെ ഗ്രാമത്തില്‍ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കുക്കി-മെയ്തി കലാപത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. വെടിവയ്പ് തുടരുകയാണെന്നും മരണസംഖ്യ വര്‍ധിക്കുമെന്നും മണിപ്പൂരിരിലെ സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവര്‍ കുക്കി, മെയ്‌തേയ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപോര്‍ട്ട്. ബിഷ്ണുപൂരില്‍ വയോധികന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഇംഫാലിലെ ജനക്കൂട്ടം രണ്ട് മണിപ്പൂര്‍ റൈഫിള്‍സിന്റെയും രണ്ട് ആസ്ഥാനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.
17 മാസം മുമ്പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാനത്ത് ആദ്യമായി റോക്കറ്റ് ഉപയോഗിച്ചത് വെള്ളിയാഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായി ഡ്രോണുകള്‍ ഉപയോഗിച്ച് ആറ് ദിവസത്തിന് ശേഷമാണ് റോക്കറ്റ് ആക്രമണം. കുക്കി സായുധര്‍ ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വിക്ഷേപിച്ച റോക്കറ്റുകള്‍ക്ക് കുറഞ്ഞത് നാലടി നീളമുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഗാല്‍വനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്ന് തോന്നുന്നു. സ്‌ഫോടക വസ്തുക്കളുള്ള ജിഐ പൈപ്പുകള്‍ ഒരു നാടന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചറില്‍ ഘടിപ്പിച്ച് ഒരേസമയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.അക്രമം വ്യാപിച്ചതിനാല്‍ മണിപ്പൂര്‍ ഭരണകൂടം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച അടച്ചിടാന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം മെയ് മൂന്നുമുതലാണ് കുക്കി ക്രൈസ്തവരും മെയ്തി ഹിന്ദുക്കളും തമ്മില്‍ കലാപം തുടങ്ങിയത്.