യുക്രെയ്‌നിലെ റെയില്‍വേ സ്റ്റേഷനില്‍ റഷ്യന്‍ റോക്കറ്റ് ആക്രമണം; 35 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

Update: 2022-04-08 10:09 GMT

കീവ്: കിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്‌റ്റേഷന് നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. 35 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്റ്റേഷന് നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടുറോക്കറ്റുകളാണ് സ്‌റ്റേഷനില്‍ പതിച്ചത്. സാധാരണക്കാര്‍ രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു. കുറഞ്ഞത് 20 പേരുടെ മൃതദേഹങ്ങള്‍ സ്‌റ്റേഷനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കടിയില്‍ കിടക്കുന്നത് കണ്ടതായി സ്ഥലത്തുണ്ടായിരുന്ന എഎഫ്പി പത്രപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള നാല് കാറുകള്‍ തകര്‍ന്നതായും റഷ്യന്‍ ഭാഷയില്‍ 'നമ്മുടെ കുട്ടികള്‍ക്ക്' എന്നെഴുതിയ വലിയ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്നതായും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ സൈനിക ട്രക്കില്‍ കയറ്റുന്നത് പിന്നീട് കണ്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ കെട്ടിടത്തിന് പുറത്ത് രക്തം നിലത്ത് തളംകെട്ടിക്കിടക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. 'ഇത് റെയില്‍വേ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ക്രാമാറ്റോര്‍സ്‌കിലെ താമസക്കാര്‍ക്കും നേരെയുള്ള ബോധപൂര്‍വമായ ആക്രമണമാണ്- യുക്രെയ്‌നിലെ റെയില്‍വേ കമ്പനിയുടെ തലവന്‍ അലക്‌സാണ്ടര്‍ കമിഷിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

റോക്കറ്റ് ആക്രമണത്തിന് ശേഷം റഷ്യയെ 'പരിധികളില്ലാത്ത തിന്‍മ' എന്നാണ് യുക്രേനിയന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. 'അവര്‍ സിവിലിയന്‍ ജനതയെ നശിപ്പിക്കുകയാണ്. ഇത് പരിധികളില്ലാത്ത ഒരു തിന്‍മയാണ്. അവരെ ശിക്ഷിച്ചില്ലെങ്കില്‍, ഇത് ഒരിക്കലും നിലയ്ക്കില്ല,'- അദ്ദേഹം പറഞ്ഞു. റഷ്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ യുക്രേനിയന്‍ പ്രസിഡന്റ് പാശ്ചാത്യ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. അതേസമയം, ആക്രമണത്തെക്കുറിച്ചും മരണസംഖ്യയെക്കുറിച്ചും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 24നാണ് റഷ്യ, യുെ്രെകനു നേര്‍ക്ക് സൈനിക നടപടി ആരംഭിച്ചത്.

Tags:    

Similar News