ഇറാഖില്‍ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം
ഡിസംബര്‍ 27ന് ഒരു അമേരിക്കന്‍ കരാറുകാരന്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്ത് വെച്ചായിരുന്നു. അന്ന് 30 റോക്കറ്റുകളാണ് കേന്ദ്രത്തില്‍ പതിച്ചത്.
കിര്‍ക്കുക്ക്: ഇറാഖില്‍ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ഇന്നലെ രാത്രിയാണ് ഇറാഖിലെ കിര്‍കുക്കില്‍ യുഎസ് സൈനികര്‍ ക്യാംപ് ചെയ്തിരുന്ന സ്ഥലത്ത് ആക്രമണമുണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. കിര്‍കുക്കിലെ കെ1 ബേസിന് നേരെയാണ് ആക്രമണമുണ്ടായത്. ഡിസംബര്‍ 27ന് ഒരു അമേരിക്കന്‍ കരാറുകാരന്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്ത് വെച്ചായിരുന്നു. അന്ന് 30 റോക്കറ്റുകളാണ് കേന്ദ്രത്തില്‍ പതിച്ചത്. ഇറാനുമായി അടുത്തുള്ള ഇറാഖിലെ സൈനിക വിഭാഗമായ കതായ്ബ് ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് ആരോപിച്ചത്. കരാറുക്കാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിറിയന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 25 ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.ഈ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. കതായ്ബ് ഹിസ്ബുല്ല സ്ഥാപകനായ അബു മഹ്ദി അല്‍ മുഹന്ദിസും സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.
സുലൈമാനിയുടെ വധത്തോടെ ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളായി. സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഇ പ്രഖ്യാപിച്ചു. തിരിച്ചടിയുണ്ടായാല്‍ ഇറാനെതിരെ കടുത്ത ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി. സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടത്. എന്നാല്‍ നൂറിലധികം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പിന്നീട് പുറത്തുവന്ന റിപോര്‍ട്ടുകള്‍.