സംഘപരിവാറിന്റെ ആവശ്യങ്ങളുമായി കുംഭമേളക്കെത്തിയ സന്യാസിമാരുടെ യോഗം; വഖ്ഫ് ബോര്‍ഡുകള്‍ എടുത്തുകളഞ്ഞ് 'സനാതന്‍ ബോര്‍ഡ്' രൂപീകരിക്കണമെന്ന് ആവശ്യം

ലഖ്‌നോ: സംഘപരിവാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുമായി കുംഭമേളക്കെത്തിയ സന്യാസിമാരുടെ യോഗം. ആരാധനാലയ സംരക്ഷണ നിയമവും വഖ്ഫ് ബോര്‍ഡുകളും എടുത്തുകളയണമെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ സന്യാസിമാരുടെ യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരെ ഉള്‍പ്പെടുത്തി സനാതന്‍ ഹിന്ദു ബോര്‍ഡ്-2025 രൂപീകരിക്കണമെന്നും യോഗം പാസാക്കിയ പ്രമേയം പറയുന്നു. കുംഭമേള തീരും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വഖ്ഫ് ബോര്‍ഡുകള്‍ ഇല്ലാതാക്കി സനാതന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ആവശ്യം.
ഉത്തര്‍പ്രദേശിലെ മഥുരയിലെയും സംഭലിലെയും വരാണസിയിലെയും മസ്ജിദുകള്‍ ഒറ്റയടിക്ക് പിടിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതും മതപരിവര്‍ത്തനം തടയുന്നതും ബോര്‍ഡിന്റെ ചുമതലയാക്കണം. രാമക്ഷേത്രം ട്രെയിലര്‍ മാത്രമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഹിന്ദുത്വ പ്രചാരകന്‍ ദേവ്കി നന്ദന്‍ താക്കൂര്‍ പറഞ്ഞു. പണി പകുതിയേ ആയിട്ടുള്ളൂ. മഥുരയും കാശിയും കൂടെ പിടിച്ചെടുക്കാനുണ്ട്. ഹിന്ദുക്കള്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ സനാതന്‍ ബോര്‍ഡ് സഹായിക്കും. സനാതന്‍ ബോര്‍ഡ് വന്നാല്‍ ഹിന്ദുക്കള്‍ക്ക് കോടതികളെ സമീപിക്കേണ്ടതില്ലെന്നും ദേവ്കി നന്ദന്‍ താക്കൂര്‍ പറഞ്ഞു.