സഭാസ്വത്ത് നിയന്ത്രിക്കാന്‍ വഖ്ഫ് ബോര്‍ഡ് മാതൃകയിലുള്ള സമിതികള്‍ രൂപീകരിക്കണമെന്ന കോടതി നിര്‍ദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സംഘടനകള്‍
നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയും(എന്‍സിസിഐ) കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും(സിബിസിഐ) ആണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: സഭാസ്വത്ത് നിയന്ത്രിക്കാന്‍ വഖ്ഫ് ബോര്‍ഡ് മാതൃകയിലുള്ള സമിതികള്‍ രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തില്‍ എതിര്‍പ്പുമായി ക്രിസ്ത്യന്‍ സംഘടനകള്‍. നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യയും(എന്‍സിസിഐ) കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും(സിബിസിഐ) ആണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
'ഹിന്ദുക്കളുടെയും മുസ് ലിങ്ങളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകള്‍ നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെങ്കിലും, ക്രിസ്ത്യാനികളുടെ അത്തരം എന്‍ഡോവ്മെന്റുകള്‍ക്ക് സമഗ്രമായ നിയന്ത്രണങ്ങളൊന്നും നിലവിലില്ല. അതിനാല്‍, ഈ സ്ഥാപനങ്ങളുടെ കാര്യങ്ങളുടെ മേല്‍നോട്ടം നടക്കുന്നത് സിവില്‍ നടപടിക്രമങ്ങളുടെ 92-ാം വകുപ്പ് പ്രകാരമുള്ള ഒരു സ്യൂട്ട് വഴിയാണ്. സ്ഥാപനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുക, കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു നിയമപരമായ ബോര്‍ഡ് ഉണ്ടായിരിക്കണം' എന്നായിരുന്നു കോടതി നിര്‍ദേശം. വിഷയം ആലോചിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും തമിഴ്നാട് സര്‍ക്കാരിനോടും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അനുവദിക്കുന്നുണ്ടെന്നും എന്‍സിസിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനിയുമൊരു സമിതി വരുന്നത് തങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കുന്നതാകുമെന്നും അസീര്‍ എബെനെസര്‍ കൂട്ടി ചേര്‍ത്തു.